ക്വാറി സ്‌ഫോടനം : അ​ന്വേ​ഷ​ണത്തിന് നാ​ലു​ ​സം​ഘ​ങ്ങള്‍

തൃശൂര്‍ : മുള്ളൂര്‍ക്കരയിലെ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് നാല് സംഘങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജില്ലാ ക്രൈം ബ്രാഞ്ച് സംഘം, ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം എന്നിവക്ക് പുറമേ കേന്ദ്ര ഇന്റലിജന്‍സ്, എന്‍.ഐ.എ എന്നിവരുടെ അന്വേഷണവും നടക്കുന്നുണ്ട്. കേന്ദ്ര ഇന്റലീജന്‍സും എന്‍.ഐ.എയും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന എന്‍.ഐ.എ അന്വേഷണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ക്വാറിയില്‍ പാറപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നല്ല സ്‌ഫോടനത്തിനിടയാക്കിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തീവ്രശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദ ബന്ധം സംബന്ധിച്ച്‌ അന്വേഷണത്തിന് ശേഷമേ വ്യക്തമായി പറയാനാകൂവെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം അടുത്ത ദിവസം ആരംഭിക്കും . തൃശൂര്‍ ആര്‍.ഡി.ഒ എന്‍.കെ.കൃപയാണ് അന്വേഷണം നടത്തുന്നത്. പൊലീസില്‍ നിന്നും ഫോറസിന്‍സിക് വിഭാഗത്തില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതിന് ശേഷം ആവശ്യമായവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. കുണ്ടുവളപ്പില്‍ വീട്ടില്‍ ഉമ്മര്‍(43), കുറ്റിയം മൂച്ചിക്കല്‍ വീട്ടില്‍ അബൂബക്കര്‍(43) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ പി. ശശികുമാറും സംഘവും അറസ്റ്റു ചെയ്തത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ടു പ്രതികളും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടനെയാണ് അന്വേഷണസംഘം ഇവരെ അറസ്റ്റു ചെയ്തത്. സ്‌ഫോടനം നടക്കുമ്ബോള്‍ ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒന്നാം പ്രതി അബ്ദുള്‍ നൗഷാദ് നടത്തിയിരുന്ന കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായി അനധികൃതമായി ശേഖരിച്ച്‌ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊലീസ് റെയ്ഡ് നടത്തി പിടികൂടുമെന്ന ഭയത്താല്‍ അവ നശിപ്പിച്ചു കളയാന്‍ ശ്രമിക്കുമ്ബോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
അബ്ദുള്‍ നൗഷാദ് സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട അബ്ദുള്‍ നൗഷാദ് ഉള്‍പ്പെടെ ആകെ ഏഴു പേരാണ് ക്വാറി സ്‌ഫോടനക്കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ബാക്കി ആറു പ്രതികളില്‍ രണ്ടുപേരെയാണ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്വാറിക്ക് സമീപം താമസിക്കുന്ന ഇരുപത് പ്രദേശവാസികളുടെ മൊഴിയെടുത്തിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വാഴക്കോട് സ്‌ഫോടനം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി പി.ശശികുമാറിന് സ്ഥലം മാറ്റം. നേരത്തെ പാലക്കാട് ഡി.വൈ.എസ്.പിയായിരുന്ന ശശികുമാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് എ.സി.പിയായി എത്തിയത്. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ സ്ഥലം മാറ്റപട്ടികയില്‍ ശശികുമാറിനെ പാലക്കാട് ഡി.വൈ.എസ്.പിയായി നിയോഗിച്ചു. പുതിയ എ.സി.പിയായിരിക്കും തുടര്‍ അന്വേഷണം നടത്തുക. ജില്ലയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെല്ലാം തിരിച്ചെത്തി.

prp

Leave a Reply

*