ഉത്തരകൊറിയയില്‍ കോവിഡ് തടയാന്‍ ആളുകളെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ്; ആരോപണവുമായി അമേരിക്ക

വാഷിംഗ്ടണ്‍: ( 11.09.2020) ഉത്തരകൊറിയയില്‍ കോവിഡ് തടയാന്‍ ആളുകളെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന് അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാന്‍ഡര്‍ പറഞ്ഞു.

അതിര്‍ത്തി അടച്ചതോടെ കള്ളക്കടത്ത് വര്‍ധിച്ചെന്ന് യുഎസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രഹാം പറഞ്ഞു. ചൈനീസ് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗവ്യാപനം തടയുന്നതിനായി ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരുന്നു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, സൈനികര്‍ക്കടക്കം കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ വിവരം പുറത്തു വിടാത്തതാണെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ തന്നെ ഇറക്കുമതി നന്നേ കുറഞ്ഞു. ഉത്തരകൊറിയക്കെതിരെയുള്ള സാമ്ബത്തിക ഉപരോധം അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഫലപ്രദമാണ്. കോവിഡിനെ ചെറുക്കാനുള്ള പ്രയത്നത്തിലാണ് അവര്‍. അതുകൊണ്ട് തന്നെ സമീപകാലത്തൊന്നും അവര്‍ ഭീഷണിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*