പ്യോംഗ്യാംഗ്: രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി അതീവ രൂക്ഷമായതിനാല്‍ 2025 വരെ ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്ന് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉന്‍. ഉത്തര കൊറിയയില്‍ നിലവിലുള്ള ജനങ്ങളുടെ അളവിന് അനുസരിച്ച് ഭക്ഷണ ഉത്പാദനം നടക്കാത്തതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കാര്‍ഷിക മേഖല രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കിം ജോംഗ് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അവസരത്തില്‍ സൂചിപ്പിച്ചു.
അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിലും കൊവിഡ് മഹാമാരി കാരണമുണ്ടായ പ്രതിസന്ധി കാരണവും ഉത്തര കൊറിയയിലെ കൃഷിവ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടെയെല്ലാം രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്ബ് നടന്ന ചര്‍ച്ചയ്ക്കിടയില്‍ ഉത്തര കൊറിയയുടെ നിലവിലെ ഭക്ഷ്യ പ്രതിസന്ധി ചുരുങ്ങിയത് 2025 വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ കാരണം ലോകരാഷ്ട്രങ്ങള്‍ നിരവധി ഉപരോധങ്ങള്‍ രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കാരണം രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമാണ്. അതിന്റെ കൂടെ ഭക്ഷ്യപ്രതിസന്ധി കൂടി വരുന്നത് ഉത്തര കൊറിയയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.

