പ്യോംഗാംഗ്: ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താചാനല്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജപ്പാന് സമുദ്രത്തിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തരകൊറിയ വ്യക്തമാക്കി. പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്നിന്നു പ്രാദേശിക സമയം രാവിലെ 9.40നാണ് മിസൈല്‍ വിക്ഷേപിച്ചത്.
2,802 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ മിസൈല്‍ 39 മിനിറ്റിനുള്ളില്‍ 933 കിലോ മീറ്റര്‍ സഞ്ചരിച്ച് കടലിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചു. പൂര്‍ണസജ്ജമായ ബാലസ്റ്റിക് മിസൈലിന് ലോകത്തിന്റെ ഏതുഭാഗത്തുള്ള ലക്ഷ്യത്തേയും തകര്‍ക്കാനാവുമെന്നും ഉത്തരകൊറിയ അറിയിച്ചു. യുഎസിന്റെ ആണവ യുദ്ധഭീഷണിയെയും ബ്ലാക്മെയിലിംഗിനെയും അവസാനിപ്പിക്കാനും കൊറിയന്‍ മേഖലയിലെ ഭീഷണിയെ പ്രതിരോധിക്കാനുമാണ് മിസൈല്‍ പരീക്ഷണമെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.

