ബെനി: കിഴക്കന്‍ കോംഗോയില്‍ ജയില്‍ ആക്രമിച്ച് 1,300 ലധികം തടവുകാരെ മോചിപ്പിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വടക്ക് കിഴക്കന്‍ നഗരമായ ബെനിയിലാണ് സംഭവം. ഇസ്ലാമിസ്റ്റ് സായുധ സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് സായുധ ആക്രമണം വഴി കാംഗ്ബയ് ജയില്‍ ഭേദിച്ച് 1,300 ലധികം തടവുകാരെ സ്വതന്ത്രരാക്കിയത് എന്നാണ് യുഎന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം ഇസ്ലാമിക് സ്റ്റേറ്റ് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൗണ്‍ മേയര്‍ മോഡസ്റ്റെ മക്വനഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തില്‍ ഒരു തടവ് പുള്ളി കൊല്ലപ്പെട്ടതായും മേയര്‍ പറഞ്ഞു. എന്നാല്‍ യുഎന്‍ വെളിപ്പെടുത്തും പോലെ ആയിരക്കണക്കിന് പേര്‍ തടവ് ചാടിയിട്ടില്ലെന്നാണ് മേയര്‍ റോയിട്ടേര്‍സിനോട് പറഞ്ഞത്. വലിയൊരു കൂട്ടം അക്രമകാരികള്‍ എത്തി ജയില്‍ കവാടവും, സുരക്ഷ ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നുവെന്ന് ബെനി ഗവര്‍ണര്‍ പറഞ്ഞു.

