കോഹ്‌ലിയുടെ പ്രതികരണത്തില്‍ പ്രതിഫലിച്ചത് ഇന്ത്യയുടെ മനോഭാവം; കേട്ടപ്പോള്‍ നിരാശ തോന്നി – ജഡേജ

ടി20 ലോകകപ്പില്‍ (ICC T20 World Cup) പാകിസ്താനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ (Indian cricket team) വഴങ്ങിയത്. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ കണക്കിലെ ആധിപത്യം വെച്ചിറങ്ങിയ ഇന്ത്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മത്സരം അടിയറവ് വെക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ലോകകപ്പില്‍ ഫേവറൈറ്റുകള്‍ എന്ന് വിലയിരുത്തിയ ഇന്ത്യയുടെ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ആരാധകരില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെട്ടിരുന്നു. മത്സരശേഷം കോഹ്ലി (Virat Kohli) പാകിസ്ഥാന്‍ താരങ്ങളെ ചേര്‍ത്തുപിടിക്കുകയും പത്രസമ്മേളനത്തില്‍ അവരുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോഹ്‌ലിയുടെ ഈ പ്രതികരണത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജ (Ajay Jadeja).

പാകിസ്ഥാനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീണത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി എന്ന കോഹ്‌ലിയുടെ പരാമര്‍ശത്തെയാണ് ജഡേജ വിമര്‍ശിച്ചത്. കോഹ്ലിയുടെ ഈ പ്രതികരണം ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത് എന്നും ജഡേജ വ്യക്തമാക്കി.

‘പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം വിരാട് കോഹ്ലി നടത്തിയ പ്രതികരണങ്ങള്‍ കേട്ടിരുന്നു.നമുക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പാകിസ്ഥാനെതിരെ ഇന്ത്യ പിന്നിലായി എന്നാണ് കോഹ്ലി പറഞ്ഞത്. ഇത് എന്നെ വല്ലാതെ നിരാശനാക്കി. കോഹ്ലിയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്ബോള്‍ എങ്ങനെയാണ് ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ തന്നെ കളിയില്‍ പിന്നിലായതെന്ന് പറയാന്‍ കഴിയുക. ഇത്തരത്തില്‍ ചിന്തിച്ചാല്‍ എങ്ങനെയാണ് ശെരിയാവുക. ഇന്ത്യ മത്സരത്തെ സമീപിച്ച രീതിയാണ് ഇവിടെ വ്യക്തമാകുന്നത്.’ – അജയ് ജഡേജ പറഞ്ഞു.

പാകിസ്ഥാനെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ ക്യാപ്റ്റനെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത് കോഹ്ലി ആയിരുന്നു. മത്സരത്തില്‍ കോഹ്‌ലിയുടെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തോല്‍വി ഇതിലും ദയനീയമായിരുന്നേനെ. വിരാട് കോഹ്‌ലി നേടിയ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ നേടിയത്. 49 പന്തില്‍ 57 റണ്‍സാണ് കോഹ്ലി നേടിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും (39 റണ്‍സ്) താരത്തിന് പിന്തുണ നല്‍കിയിരുന്നു. ഈ പ്രകടനങ്ങളുടെ ബലത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്സെടുത്തു.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍, 17.5 ഓവറില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (Babar Azam) (52 പന്തില്‍ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തില്‍ 72) അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യ ജയം കൂടിയാണ് പാകിസ്ഥാന്‍ ഈ മത്സരത്തില്‍ നിന്നും നേടിയത്.

ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിര്‍ണ്ണായകമായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാവും. പ്രതീക്ഷകളുടെ അമിത സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഇന്ത്യക്ക് പ്രതിസന്ധികളെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.

prp

Leave a Reply

*