കൊച്ചിയിലേക്ക് അന്താരാഷ്‌ട്ര സഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍

മട്ടാഞ്ചേരി

കോവിഡിനുശേഷം കേരളത്തിലേക്ക്‌ അന്താരാഷ്ട്രസഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍ കൊച്ചി തീരത്തെത്തും.

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ പുത്തന്‍ ഉണര്‍വുപകരാന്‍ കപ്പലിന്റെ വരവ്‌ സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. എംഎസ് യൂറോപ്പ എന്ന കപ്പലാണ്‌ 516 സഞ്ചാരികളുമായി ആദ്യം എത്തുക. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയിലേക്ക് അന്താരാഷ്ട്രസഞ്ചാരികള്‍ എത്തുന്നത്.

വിനോദസഞ്ചാരമേഖലയിലെ പ്രധാന ക്രൂസ് ഹബ്ബിലൊന്നായി വീണ്ടും കൊച്ചി ഉയരും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് അന്താരാഷ്‌ട്ര വിനോദസഞ്ചാരകപ്പലുകള്‍ കൊച്ചിയില്‍ എത്തും. കപ്പലുകളെ സ്വീകരിക്കാനുള്ള ഒരുക്കം നടക്കുകയാണ്. സഞ്ചാരികള്‍ക്കായി കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഹൗസ് ബോട്ട്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ബുക്കിങ്‌ തുടങ്ങിക്കഴിഞ്ഞു.

ആദ്യദിനങ്ങളില്‍ എത്തുന്നത് ചെറിയ കപ്പലുകളാണ്. സഞ്ചാരികള്‍ക്കായി പുതിയ ക്രൂസ് ടെര്‍മിനല്‍ ഒരുങ്ങി. എമിഗ്രേഷന്‍ കൗണ്ടര്‍, കപ്പല്‍ ബര്‍ത്തില്‍ത്തന്നെ കൂടുതല്‍ ആകര്‍ഷക സ്റ്റോറുകള്‍ തുടങ്ങിയവ ഒരുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തുറമുഖ ട്രസ്റ്റ്. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കായും ബുക്കിങ് തുടങ്ങി. ഉത്തരവാദിത്വ ടൂറിസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. ഡിസംബറില്‍ തുടങ്ങുന്ന മുസിരിസ് -ബിനാലെ കാണാനും കൂടുതല്‍ വിദേശ, ആഭ്യന്തര സഞ്ചാരികള്‍ കൊച്ചിയിലേക്ക് എത്തും.

സംസ്ഥാനത്ത്‌ ഒക്ടോബറോടെയാണ് ക്രൂസ് സീസണ്‍ തുടങ്ങുന്നത്. ആഭ്യന്തരസഞ്ചാരികളുമായി ചൊവ്വാഴ്ച കോര്‍ഡിലിയ എന്ന കപ്പല്‍ മുംബൈയില്‍നിന്ന് കൊച്ചിയിലെത്തും. ഒരു പകല്‍ സന്ദര്‍ശനത്തിനുശേഷം കപ്പല്‍ ലക്ഷദ്വീപിലേക്ക്‌ യാത്രയാകും.

prp

Leave a Reply

*