നടിയെ ആക്രമിച്ച കേസില്‍ രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. ‘എ’ ഡയറി രഹസ്യ രേഖയല്ല.

ഇത് കോടതിയില്‍ ദിനം പ്രതി നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലര്‍ക്കാണ് തയ്യാറാക്കുന്നത്. രേഖകള്‍ ചോര്‍ന്നതിന് ജീവനക്കാര്‍ക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതിയിലെ ചില രഹസ്യരേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച്‌ കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ കേസാണ് ഇന്ന് വിചാരണ കോടതി പരിഗണിച്ചത്. ഇത് പരിഗണിക്കുമ്ബോഴാണ് എന്ത് രേഖകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടത്.

എന്ത് രേഖയാണ് ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തിയത് എന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ കോടതി പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. കേസിന്‍റെ അന്നന്നുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന എ ഡയറി പൊതു ഡോക്യുമെന്‍റാണ്. മറ്റൊന്ന് കോടതി ഉത്തരവിന്‍റെ ജഡ്ജ് ഒപ്പിട്ട രണ്ട് പേജുകളാണ്. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചണ്ഡീസ്ഗഡിലെ ലാബില്‍ കൊണ്ടുപോയി പരിശോധിച്ച്‌ അതില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അത് കോടതി നേരത്തെ അനുവദിക്കുകയുണ്ടായി. വിമാന മാര്‍ഗം രണ്ട് പോലീസുകാര്‍ പോകണം, അതിനുള്ള ചെലവ് ദിലീപ് വഹിക്കണം എന്നായിരുന്നു ഉത്തരവ്. ഇത് രഹസ്യരേഖ അല്ല എന്നാണ് കോടതി വ്യക്തമാക്കിയത്. അതിനുവേണ്ടി കോടതി ജീവനക്കാരെ ചോദ്യംചെയ്യണോ എന്നാണ് കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചത്.

ദിലീപ് വളരെയധികം സ്വാധീനമുള്ള വ്യക്തിയാണെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി. പല സാക്ഷികളെയും ഈ കേസില്‍ സ്വാധീനിച്ചു. കോടതി ജീവനക്കാരെയും സ്വാധീനിച്ചോ എന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ നിലപാടെടുത്തു. കൃത്യമായ തെളിവുകള്‍ കൊണ്ടുവരാന്‍ കോടതി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടത്താം. അതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയും ഇന്ന് പരിഗണനയ്ക്ക് വന്നു. ദിലീപിനോട് ഇന്ന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് ആ കേസ് മാറ്റി.

prp

Leave a Reply

*