വൃക്ക മുഖ്യം ബിഗിലേ; ഐഫോണ്‍ വാങ്ങാനായി ആരും വൃക്ക വില്‍ക്കരുതേ; അഭ്യര്‍ത്ഥനയുമായി റെഡ് ക്രോസ്

ജനീവ: ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 14 വാങ്ങാനായി ആരും വൃക്ക വില്‍ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി തായ് റെഡ് ക്രോസ്.

ഐഫോണ്‍ സ്വന്തമാക്കാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി റെഡ് ക്രോസ് എത്തിയത്.

ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കില്‍, തങ്ങളുടെ ഐഫോണുകള്‍ പിടിച്ച്‌ വൃക്ക മാറ്റിയതെന്ന തരത്തില്‍, വയറ്റിലുള്ള മുറിവുമായി നില്‍ക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ ആപ്പിള്‍ കമ്ബനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന വിമര്‍ശനവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്.

ഇത്തരത്തില്‍ അവയവമാറ്റം നടത്തുന്നത് നിയമലംഘനമാണ്. അവയവകൈമാറ്റം ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഐഫോണ്‍ വാങ്ങാനുള്ള പണത്തിനായി അവയവം നല്‍കുന്നത് വളരെ മോശമാണെന്ന് തായ് റെഡ് ക്രോസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ പുതിയ സീരീസ് ഫോണുകള്‍ വിപണിയിലെത്തിയത്. ഐഫോണ്‍ 14 ന്റെ 128 ജിബി പതിപ്പിന് 79,900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129,900 രൂപയും ഐഫോണ്‍ പ്രോ മാക്‌സിന് 13,9900 രൂപയുമാണ് വില ആരംഭിക്കുന്നത്.

prp

Leave a Reply

*