
കണ്ണൂര്‍: ( 06.06.2020) സ്വകാര്യ ബസ് ഉടമകളെ കുഴിയില്‍ ചാടിച്ച് സര്‍ക്കാര്‍ പാലം വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കോവിഡ് പ്രതിസന്ധി അതിജീവിച്ച് നിരത്തിലിറങ്ങിയ സ്വകാര്യ ബസുകള്‍ക്കു മുമ്ബില്‍ ഒടുവില്‍ സര്‍ക്കാര്‍ വാതില്‍ കൊട്ടിയടക്കുകയായിരുന്നു. സംസ്ഥാനത്ത് പതിനായിരത്തിലേറെപ്പേര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തൊഴില്‍ മേഖലയാണിത്. എന്നാല്‍ പൊതുവെ പ്രതിസന്ധിയില്‍ മുമ്ബോട്ടു പോവുകയായിരുന്ന സ്വകാര്യ ബസ് ഉടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ബസ് സമരം പ്രഖ്യാപിച്ചരുന്നുവെങ്കിലും വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഈ സൗമനസ്യം ബസ് ഉടമകളോട് കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. താല്‍ക്കാലിക നിരക്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓടി തുടങ്ങിയ സ്വകാര്യ ബസ് ഉടമകളോട് ചാര്‍ജ് വര്‍ധനവ് പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതു കാരണം കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസുകള്‍ പലതും കഴിഞ്ഞ ദിവസം റോഡിലിറങ്ങിയില്ല. ചാര്‍ജ് വര്‍ധനവ് സര്‍ക്കാര്‍ പിന്‍വലിച്ചതും യാത്രക്കാരുടെ കുറവുമാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണം.
ടിക്കറ്റ് നിരക്ക് കൂട്ടാതെ ബസ് വ്യവസായം മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് അസോസിയേഷന്റെ തീരുമാനപ്രകാരമല്ലെന്നും അസോസിയേഷന്‍ ജില്ലാസെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു. ഡീസല്‍ തുക നല്‍കിയാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലനടപടിയില്ലെങ്കില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകളുടെ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കനത്ത നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും രാജ് കുമാര്‍ കരുവാരത്ത് കൂട്ടിച്ചേര്‍ത്തു.
