എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്: പ്രശസ‌്ത എഴുത്തുകാരന്‍ യു എ ഖാദറിന്‍റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും അറിയിച്ചു. പൊക്കുന്നിലെ ‘അക്ഷരം’വസതിയില്‍ യു എ ഖാദറെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയും കാല്‍മുട്ട് മാറ്റി വെച്ച ശസ്ത്രക്രിയയും കഴിഞ്ഞുള്ള വിശ്രമത്തിലാണ‌് യു എ ഖാദര്‍.  ഈ അവസ്ഥ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ യും കൂടെ ഉണ്ടായിരുന്നു.

ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന‌് താങ്ങാനാവാത്തതാണെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കും. കേരളത്തിന് പ്രിയപ്പെട്ട ഈ എഴുത്തുകാരന്‍ കോഴിക്കോടിന്‍റെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു

വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരന്‍റെ പങ്ക് പ്രധാനപ്പെട്ടതാണ്. ഇതിനായി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്ന് ഉത്തരവാദിത്തങ്ങള്‍ തന്റേടത്തോടെ നിര്‍വ്വഹിക്കുമെന്ന് യു എ ഖാദര്‍ പറഞ്ഞു. സാംസ്കാരിക ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തന്‍റെ സംഭാവനകള്‍ തുടര്‍ന്നും നല്‍കും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും മനസ്സിന് വയ്യായ്കയില്ല. നഗരത്തില്‍ നടക്കുന്ന ചില സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മനുഷ്യ പക്ഷത്ത് നിന്ന് പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും യു എ ഖാദര്‍ പറഞ്ഞു.

എഴുത്തിന്‍റെ തിണ്ണബലത്തിലാണ് എന്നെ ഇപ്പോഴും വിലയിരുത്തുന്നത് . എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷം. അവശത അനുഭവിക്കുന്ന സാഹിത്യകാരന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 8.15 ഓടെയാണ് മന്ത്രിമാരും പുരുഷന്‍ കടലുണ്ടി എംഎല്‍എയും യു എ ഖാദറിന്‍റെ വീട്ടിലെത്തിയത‌്. യു എ ഖാദര്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടര്‍ന്ന് അകത്ത് സോഫയിലിരുന്ന് കുശലാന്വേഷണം. ചികിത്സയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മന്ത്രിമാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും ദിവസേന കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഖാദര്‍ വിശദീകരിച്ചു.

prp

Leave a Reply

*