കഴക്കൂട്ടം – കോവളം ദേശീയപാത തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി കോര്‍പ്പറേഷന്‍ താത്‌പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: ദേശീയപാതയായ കഴക്കൂട്ടം – കോവളം ബൈപ്പാസില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇനി മുതല്‍ ഇരുട്ടിന്റെ ഭയമില്ലാതെ സഞ്ചരിക്കാം. ഈ പ്രദേശത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ ഒടുവില്‍ നടപടിക്കൊരുങ്ങുന്നു. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിട്ടിയുടെ എതിര്‍പ്പില്ലാ രേഖ (നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്)​ ആവശ്യമാണ്. ഇത് നല്‍കാന്‍ ദേശീയപാത അതോറിട്ടി തയ്യാറാണ്. എന്നാല്‍,​ കോര്‍പ്പറേഷന്‍ ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, യാത്രക്കാരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു.

താല്‍പര്യപത്രം ക്ഷണിച്ചു

ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സ്വകാര്യ കമ്ബനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ വിജ്ഞാപനം ഇറക്കി. മൂന്ന് വര്‍ഷം മുമ്ബാണ് ഇവിടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എന്നാല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നില്ല. ഇത് ഏറെ അപകടങ്ങള്‍ക്കും കാരണമായിരുന്നു. ദേശീയപാതയ്‌ക്ക് ഇരുവശവും തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നത് ടെക്നോപാര്‍ക്കിന് സമീപത്ത് താമസിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ടെക്നോപാര്‍ക്കിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ തന്നെ,​ രാത്രി കാലങ്ങളില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ ദേശീയപാത വഴിയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. ടെക്കികളില്‍ ഭൂരിഭാഗം പേരും താമസിക്കുന്നത് കഴക്കൂട്ടത്തിനും വെണ്‍പാലവട്ടത്തിനും ഇടയിലാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന് ടെക്കികള്‍ നേരത്തെ പലതവണ നിവേദനം നല്‍കിയിരുന്നു. ദേശീയപാതയിലെ കുളത്തൂര്‍,​ തമ്ബുരാന്‍മുക്ക്,​ ആക്കുളം,​ വെണ്‍പാലവട്ടം എന്നിവിടമെല്ലാം ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പേടിസ്വപ്‌നങ്ങളാണ്. 2020 ഡിസംബറിനകം സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് മേയറായിരിക്കെ കെ. ശ്രീകുമാര്‍ ഉറപ്പ് നല്‍കിയതാണ്.

എലിവേറ്റഡ് ഹൈവേയും തിളങ്ങും

അടുത്തിടെ ചാക്ക ഫ്ളൈ ഓവറില്‍ ദേശീയപാത അതോറിട്ടി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. കഴക്കൂട്ടത്ത് നിര്‍മ്മാണം നടന്നുവരുന്ന 2.1 കിലോമീറ്റര്‍ ദൂരത്തിലുള്ള എലിവേറ്റഡ് ഹൈവേയിലും ദേശീയപാത അതോറിട്ടി തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നുണ്ട്.

ദേശീയപാത നിര്‍മ്മാണം

അന്തിമഘട്ടത്തില്‍

മുക്കോല മുതല്‍ കാരോട് വരെയുള്ള നാലുവരിപ്പാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ 31ന് പണി പൂര്‍ത്തിയാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉറപ്പ് നല്‍കിയിരിക്കുന്നത്. കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ ഒക്ടോബര്‍ നാലിന് പൂര്‍ത്തിയാകുന്ന തരത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. അതേസമയം,​ കൊവിഡ് അടക്കം പലതരത്തിലുള്ള പ്രശ്നങ്ങളുള്ളതിനാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്ന കാര്യം സംശയത്തിലാണ്. മുക്കോല – കാരോട് സ്ട്രെച്ചില്‍ അസംസ്‌കൃത സാമഗ്രികളുടെ കുറവാണ് ജോലി തടസപ്പെടുത്തിയിരിക്കുന്നത്. 2017 ജൂലായില്‍ ആരംഭിച്ച പണി നാല് വര്‍ഷം പിന്നിടുമ്ബോള്‍ 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കോട്ടുകാല്‍,​ തിരുപുരം,​ കാഞ്ഞിരംകുളം ഭാഗങ്ങളിലാണ് ഇനി പണി പൂര്‍ത്തിയാകാനുള്ളത്.

prp

Leave a Reply

*