ജമ്മുകാശ്‌മീരില്‍ 4ജി ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കും; പരീക്ഷണ നടപടി ആഗസ്റ്റ് 16 മുതല്‍

ന്യൂഡല്‍ഹി: ജമ്മു കാശ്‌മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കാശ്‌മീരിലെയും ‌ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പൂര്‍ണമായി 4ജി സേവനങ്ങള്‍ പുന:സ്ഥാപിക്കാനാകില്ല. പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങള്‍ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റര്‍നെറ്റ് വിഛേദിച്ചത്.

കേന്ദ്ര നീക്കത്തിന് ഒരു വര്‍ഷമാകുന്ന വേളയിലാണ് പുതിയ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ജമ്മു കാശ്‌മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്.

prp

Leave a Reply

*