കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശരാജ്യങ്ങളില്‍നിന്ന് കാര്‍ഷികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കൊറോണ എമര്‍ജന്‍സി കമ്മിറ്റി അനുമതി നല്കി. കര്‍ഷക യൂനിയന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ബില്‍ സലാമ ഒാണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്.
കാര്‍ഷിക മേഖലയിലെ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് കുവൈത്ത് ഫാര്‍മേഴ്സ് യൂനിയന്‍ മേധാവി അബ്ദുല്ല അല്‍ ദമാക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവദിച്ചതിന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി അബ്ദുല്ല അല്‍ ദമാക് നന്ദി അറിയിച്ചു. ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തില്‍ കാര്‍ഷിക മേഖല പ്രതിസന്ധി രൂക്ഷമാണ്. വിളവെടുക്കാന്‍ ആളില്ലാത്തിനാല്‍ കൃഷി ഉല്പന്നങ്ങള് നശിക്കുന്ന സ്ഥിതിയുണ്ടെന്നാണ് കാര്‍ഷിക മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തേ 30 ജോലിക്കാര്‍ ഉണ്ടായിരുന്ന ഫാമുകളില്‍ അഞ്ചുമുതല്‍ എട്ടുവരെ ആളുകള്‍ മാത്രമാണുള്ളത്.
അമിത ജോലിഭാരം കാരണം കര്‍ഷകത്തൊഴിലാളികള്‍ വലയുന്നു. ഫാമുകളുടെ മുഴുവന്‍ ഭാഗവും കൃഷി ചെയ്യാന്‍ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാര്‍ അവധിക്ക് നാട്ടില്‍ പോയിട്ട് നാളേറെയായി. നേരത്തേ പോയവര്‍ക്ക് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തിരിച്ചുവരാന്‍ കഴിയാത്തതാണ് തടസ്സം.

