കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏച്ചൂര്‍ സ്വദേശിയായ അക്ഷയ് യുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ബോംബ് നിര്മിച്ചവരിലൊരാളാണ് ഏച്ചൂര്‍ സ്വദേശിയായ അക്ഷയ്. ഇന്നലെ രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റസിയിലെടുത്തിരുന്നു.
അതേ സമയം ബോംബ് എറിഞ്ഞുവെന്ന് കരുതുന്ന മിഥുന് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയിലുള്ള നാല് പേരില്‍ അക്ഷയ് യുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എസിപി സദാനന്ദന് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കണ്ണൂരില്‍ വിവാഹഘോഷ യാത്രക്കിടെ ബോബ് പൊട്ടി യുവാവ് മരിച്ചത്. തലേ ദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മിള്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

