പെരിയ: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്കി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം.
ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്.
സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ശരത്ലാല് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
