കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കും; പ്രളയ സാധ്യത പഠിക്കാന്‍ ഇരിങ്ങാലക്കുടയ്ക്ക് കര്‍മപദ്ധതിയുമായി ഡോ ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: മണ്ഡലം നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി, ഒരു ടെക്നോളജി സ്റ്റര്‍ട്ടപ്പിന്റെ സഹായത്തോടെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍, സമഗ്രവും സുസ്ഥിരവുമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട്, അവയെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക കാലാവസ്ഥാ പഠന ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പദ്ധതി ഡോ.ജേക്കബ് തോമസ് അവതരിപ്പിച്ചത്

വെള്ളപ്പൊക്കത്തിനു ശേഷമുള്ള മറ്റ് സാമൂഹിക സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ദീര്‍ഘകാല നടപടികള്‍ക്കായി ശാസ്ത്രീയ അടിത്തറയുള്ള വിലയിരുത്തലുകള്‍, വിവരശേഖരണം, നിര്‍മ്മാണം, പ്രാദേശിക തലത്തിലുള്ള നിരീക്ഷണം എന്നിവ ആവശ്യമാണ്.

ഐഐടി ബോംബെയിലെയും എന്‍ഐടി കാലിക്കട്ടിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ടെക്‌നോളജി സ്റ്റാര്‍ട്ട്-അപ്പ് ആയ ഇക്വിനോക്റ്റ് ആണ് സാങ്കേതിക സഹായം നല്‍കുന്നത്. പദ്ധതി നിര്‍വ്വഹണത്തില്‍ പീപ്പ്ള്‍സ് ഫോറം ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് എന്ന സന്നദ്ധ സംഘടനയുടെ പങ്കാളിത്തവുമുണ്ട്.

വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയ്ക്കായി ആദ്യമേ തന്നെ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം നിര്‍മ്മിക്കുന്നതിനായി മഴയും ഭൂഗര്‍ഭജലനിരപ്പും നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ വാസികളുടെ ഒരു ശൃംഖല രൂപീകരിക്കുകയാണ് ആദ്യ ഘട്ടം.

സമൂഹാധിഷ്ഠിത ദുരന്തനിവാരണ പദ്ധതി സൃഷ്ടിക്കുന്നതിനായി പ്രദേശത്തിന്റെ ടോപ്പോഗ്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും മാപ്പിങ് നടക്കുന്നത്. ഫ്‌ളഡ് മാപ്പിംഗിന് മുന്‍പ് ഒരു ബെഞ്ച്മാര്‍ക്ക് സര്‍വേ നടത്തും – ഡോ.ജേക്കബ് തോമസ് പറഞ്ഞു.

prp

Leave a Reply

*