കാക്കനാട് എംഡിഎംഎ കേസ് പ്രതികള്‍ക്ക് മാന്‍കൊമ്ബ് ലഭിച്ചത് വയനാട് ആറാംമൈലിലെ റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നെന്ന് വനംവകുപ്പ്. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന ഈ റിസോര്‍ട്ടില്‍ ഇവര്‍ സംഘടിപ്പിച്ച ലഹരിപാര്‍ട്ടിക്കിടെയാണ് മാന്‍ കൊമ്ബ് ലഭിച്ചത്. കേസിന്റെ തുടരന്വേഷണം കല്പറ്റ റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.
കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളില്‍ നിന്ന് കണ്ടെടുത്ത മാന്‍കൊമ്ബ് എക്സൈസ് ആദ്യം തൊണ്ടിമുതലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് കോടനാട് റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊച്ചി എക്സൈസ് ഓഫീസില്‍ നിന്ന് മാന്‍കൊമ്ബ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. വയനാട് ആറാം മൈലില്‍ വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നാണ് മാന്‍കൊമ്ബ് ലഭിച്ചതെന്ന് എംഡിഎംഎ കേസ് പ്രതികള്‍ മൊഴി നല്കി.

