കാബൂള്‍ വിമാനത്താവളത്തില്‍ പൊട്ടിച്ചിതറിയ ഭീകരന്‍ ഇന്ത്യ അഞ്ച് വര്‍ഷം മുന്‍പ് പിടികൂടിയ അബ്ദുര്‍ റഹ്മാന്‍ അല്‍ലോഗ്രി, അന്ന് അറസ്റ്റിലായത് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താനെത്തിയപ്പോള്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതിന്റെ അവസാന ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനത്താവളത്തില്‍ ചാവേറായെത്തിയ ഭീകരനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് 26ന് കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 180 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസിന്റെ അഫ്ഗാന്‍ വിഭാഗമായ ഐസിസ് കെയായിരുന്നു ആക്രമണം നടത്തിയത്. ഐസിസ്‌കെയുടെ മാസികയുടെ പുതിയ പതിപ്പിലാണ് ഈ ആക്രമണത്തില്‍ പങ്കെടുത്ത ചാവേറിനെ കുറിച്ച്‌ വിവരമുള്ളത്.

ഐസിസ് കെ പുറത്ത് വിടുന്ന വിവരങ്ങള്‍ പ്രകാരം കാബൂള്‍ വിമാനത്താവളം ആക്രമിച്ചത് അബ്ദുര്‍ റഹ്മാന്‍ അല്‍ലോഗ്രി എന്ന ചാവേറായിരുന്നു. ഇയാള്‍ ഇന്ത്യയില്‍ അഞ്ച് വര്‍ഷം മുന്‍പ് പിടിയിലായ ഭീകരനാണ്. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുകയായിരുന്നു എന്നാണ് ഐസിസ്‌കെ അവകാശപ്പെടുന്നത്. പിന്നീട് തങ്ങളുടെ പ്രവൃത്തികളില്‍ ആകൃഷ്ടനാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ഐസിസ്‌കെ തങ്ങളുടെ വിവരങ്ങള്‍ മാസികയിലൂടെ ലോകത്തെ അറിയിക്കുന്നത്. ഇതില്‍ ഇന്ത്യയെ കുറിച്ച്‌ സ്ഥിരമായി കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ഐസിസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സജീവമാണെന്ന് സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് അടുത്തിടെ അറസ്റ്റിലായത്. എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ മലായാളികളും ഉണ്ടായിരുന്നു.

prp

Leave a Reply

*