കെ റെയില്‍ പദ്ധതിക്കായി ഭൂമി അളന്നു കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു സമീപവാസികളായ വീട്ടുകാരുടെ ആത്മഹത്യാ ഭീഷണി.
സമരസമിതി നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി . നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാവാതെ നിന്ന ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനു ശേഷം കല്ലിടല്‍ നിര്‍ത്തി മടങ്ങി. ഇന്നു മുതല്‍ അഗ്നിരക്ഷാ സേനയുടെ കൂടി സഹായം തേടാന്‍ അധികൃതര്‍ ഇന്നലെ തീരുമാനിച്ചു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഇരുപതാം വാര്‍ഡിലായിരുന്നു ഇന്നലെ കെ റെയില്‍ കല്ലിടല്‍. ആദ്യം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ആളുകള്‍ പ്രതിഷേധം ഉയര്‍ത്തി. വഞ്ചിമുക്ക് കാര്‍ത്തികയില്‍ സിന്ധുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് അളന്നു കുറ്റിയടിച്ചതോടെ സിന്ധുവും ഭര്‍ത്താവ് ഗോപകുമാറും നാട്ടുകാരും കോണ്‍ഗ്രസ്, സംയുക്ത സമരസമിതി നേതാക്കളും ഉള്‍പ്പെടെ മുദ്രാവാക്യം വിളിയുമായി എത്തി.
ഇതിനിടെ കല്ലിടുന്നതിനുള്ള കുഴിയെടുത്തെങ്കിലും തടയാനെത്തിയ സമര സമിതി വനിതാ നേതാക്കളും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സിന്ധു കുഴിയെടുത്ത ഭാഗത്തു കുഴഞ്ഞു വീണെങ്കിലും അതു വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ കല്ലിട്ടു. കല്ല് ഇളക്കിമാറ്റാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. തൊട്ടടുത്തു വിളയില്‍ വീട്ടില്‍ ജയകുമാറിന്റെ വീട്ടു മുറ്റത്തു കല്ലിടാന്‍ എത്തിയപ്പോള്‍ ജയകുമാറും ഭാര്യയും മകളും കല്ലിടുന്ന ഭാഗത്ത് കരിയില കൂട്ടിയിട്ട് അതിന് മുകളില്‍ കയറി നിന്നു ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, കൊട്ടിയം എസ്ഐ സുജിത്.ജി.നായര്‍ എന്നിവര്‍ തടയാനെത്തി. മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കി നിന്ന വീട്ടുകാരെ പിന്നീട് അനുനയിപ്പിച്ചു നീക്കിയെങ്കിലും കോണ്‍ഗ്രസ്, ബിജെപി, സംയുക്ത സമരസമിതി നേതാക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി ഇവിടെ തടിച്ചു കൂടി. പിന്നീട് കലക്ടറെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥര്‍ മടങ്ങി

