കണ്ണൂര്‍: കേരള വികസനത്തിന് കെ റെയിലും കെ ഫോണും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്ന് റവന്യു – ഭവന വകുപ്പ് മന്ത്രി കെ രാജന്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലുടെ 140 മണ്ഡലങ്ങളിലുമെത്തിയ വികസനത്തേര് ജനങ്ങള്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ആശയപരമായ ചിന്തയിലൂന്നി ഒരു മനസ്സായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണിതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
കേരളത്തെ ഒരു പ്രളയത്തിനും ഒരു കോവിഡിനും ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാത്ത ലോക മലയാളത്തിന്റെ രക്ഷകര്‍ത്താവാണ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വിപുലമായ വികസനത്തിന്റേയും ജനമുന്നേറ്റത്തിന്റേയും മതനിരപരതയുടെയും ജനാതിപത്യ അടിത്തറയില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള സാമൂഹ്യ വികസനത്തിന്റേയും ആറു വര്‍ഷക്കാലമാണ് ലോകം കണ്ടത്.
ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി തവണ വലിയ പ്രളയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെയുള്ള ജനങ്ങള്‍ എല്ലാം നഷ്ടപെട്ട് കൈ കുഞ്ഞുങ്ങളേയും കൊണ്ട് എന്തെങ്കിലും സഹായത്തിനായി കേരളത്തിലേക്കെത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടെ ഭീകരമായ ദുരന്തം ഉണ്ടായിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും വിവിധ മേഖലകളില്‍ നിന്ന് ലഭിക്കാനിരുന്ന സഹായം നിഷേധിക്കുകയും ചെയ്ത് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടും മൂന്നരക്കോടി വരുന്ന കേരള ജനതയെ അയല്‍ സംസ്ഥാനങ്ങളില്‍ പിച്ച തെണ്ടാന്‍ അനുവദിക്കാതെ സംരക്ഷിച്ച സര്‍ക്കാറാണിത്- മന്ത്രി പറഞ്ഞു.

