കായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ തമിഴ്നാട് വിഴുപ്പുറം വളവന്നൂര്‍ വേലന്‍ (43) അറസ്റ്റില്‍. പ്രധാന പ്രതി തമിഴ്നാട് കടലൂര്‍ കാടമ്ബുലിയൂര് കാറ്റാണ്ടിക്കുപ്പം മാരിയമ്മന്‍കോവില്‍ മിഡില്‍ സ്ട്രീറ്റില്‍ കണ്ണന് കരുണാകരന് (46), സഹായി കായംകുളം കൊറ്റുകുളങ്ങര മാവനാട് കിഴക്കതില്‍ ആടുകിളി നൗഷാദ് (53) എന്നിവര്‍ നേരേത്ത അറസ്റ്റിലായിരുന്നു. കഴിഞ്ഞ 11നാണ് സംഭവം. ഭിത്തി തുരന്നുകയറിയ സംഘം ഇരുമ്ബ് ലോക്കര്‍ തുറന്ന് എട്ടു ലക്ഷം രൂപ വിലവരുന്ന 10 കിലോ വെള്ളിയാഭരണങ്ങളും ഒരു പവന് സ്വര്‍ണാഭരണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്. പ്രധാന ലോക്കര്‍ തകര്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വര്‍ണശേഖരം നഷ്ടപ്പെട്ടിരുന്നില്ല. കവര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിക്കാനായി സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്കുമായാണ് കടന്നത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ നീക്കങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയായ കണ്ണന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ കാലയളവിലാണ് നൗഷാദുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് പരോളിലിറങ്ങി മോഷണത്തിന് എത്തുകയായിരുന്നു. ജ്വല്ലറിയോട് ചേര്‍ന്ന ആയുര്‍വേദ മരുന്ന് കടയില്‍നിന്ന് മരുന്ന് വാങ്ങാനെന്ന വ്യാജേനെ എത്തി പരിസരം നിരീക്ഷിച്ചാണ് മോഷണത്തിന് കളമൊരുക്കിയത്. വൈദ്യശാലയിലെ ഭിത്തി തുരന്നാണ് ജ്വല്ലറിക്കുള്ളില്‍ കയറിയത്. തിരുവനന്തപുരം കല്ലറയില്‍ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലായി കണ്ണനെതിരെ കേസുണ്ട്.

