ജവാനും ബിയറും ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ല; ബാറുകാര്‍ക്ക് ചാകര, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ണടയ്‌ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വന്‍ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുന്നു. ബെവ്‌ക്യൂ ആപ്പ് മറയാക്കി ബാറുകളില്‍ കച്ചവടം തകൃതിയായി നടക്കുമ്ബോഴാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ദുര്‍ഗതി. ജനപ്രിയ ബ്രാന്‍ഡുകളായ ജവാനും ബിയറും അടക്കമുളളവ സംസ്ഥാനത്തെ ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ലാത്തതാണ് ഉപഭോക്താക്കളെ ബാറുകളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നത്.

ബെവ്കോയുടെ സഹായം കൂടാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും ബാറുകള്‍ക്ക് കിട്ടുന്നുണ്ടെന്നാണ് ആക്ഷേപം. മദ്യത്തിന്റെ സ്റ്റോക്ക് കഴിയുന്നതിനനുസരിച്ച്‌ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് സ്റ്റോക്ക് എടുക്കാമെങ്കിലും ബെവ്ക്യൂ ആപ്പ് പാളുകയും ഉപഭോക്താക്കള്‍ ബാറുകളിലേക്ക് മാറുകയും ചെയ്തതോടെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തില്‍ ബെവ്കോ മെല്ലെപ്പോക്ക് ആരംഭിക്കുകയായിരുന്നു. അതോടെ ഏറ്റവുമധികം വിറ്റുപോയിരുന്ന മദ്യം പല ഔട്ട്ലെറ്റുകളിലും കിട്ടാതായി.

ബാറുകളില്‍ പാഴ്‌സല്‍ സൗകര്യം സര്‍ക്കാര്‍ അനുവദിക്കുക കൂടി ചെയ്തതോടെ ബെവ്കോയെ ഉപഭോക്താക്കള്‍ ഏറെക്കുറെ കൈയൊഴിഞ്ഞു. വെയര്‍ഹൗസില്‍ നിന്ന് മദ്യം അനുവദിക്കുമ്ബോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊടുക്കേണ്ട പെര്‍മിറ്റ് ബാര്‍ പ്രതിനിധികള്‍ തന്നെ എഴുതുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പലയിടത്ത് നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ലോഡ് എടുത്ത് കൊണ്ടുപോയാല്‍ അതിറക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആകണമെന്ന ചട്ടവും പലയിടത്തും പാലിക്കപ്പെടുന്നില്ല. എക്സൈസ് പരിശോധന കുറഞ്ഞത് സംസ്ഥാനത്തെ ബാറുകളില്‍ വന്‍ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്.

prp

Leave a Reply

*