തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ രാഹുല്‍ഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയര്‍ത്തുമെന്നും വാഗ്ദാനങ്ങളുമായി യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണി തയ്യാറാക്കിയ ജനകീയ മാനിഫെസ്‌റ്റോയാണ് ഈ വാഗ്‌ദാനങ്ങളുളളത്. ‘മോര്‍ ഗവണ്മെന്റ്’ എന്ന ആശയം യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് കാര്‍ഷിക,വ്യവസായിക, സര്‍വീസ് മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കുന്നത് വഴി തൊഴില്‍ ലഭിക്കും. അതിനായാണ് ‘മോര്‍ ഇന്‍വെസ്‌റ്റ്മെന്റ്’ എന്ന ആശയം. മത്സ്യ മേഖലയിലെയും ചെറുകിട വ്യവസായ മേഖലയിലെയും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ‘മോര്‍ എംപ്ളോയ്മെന്റ്’ എന്ന ആശയം കൂടാതെ ‘കാരുണ്യ’ പദ്ധതിയിലൂടെ അവശത അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരുമ, കരുതല്‍, വികസനം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം ഇന്‍കം ഗ്യാരണ്ടി സ്‌കീം പദ്ധതിയായ ‘ന്യായ്’ വഴി പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കും. വര്‍ഷത്തില്‍ 72,000 രൂപ. ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാകും കേരളം. സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് ‘ബില്ല് രഹിത ആശുപത്രി’, സര്‍ക്കാര്‍ സഹായം ആവശ്യമായ വിദ്യാര്‍ത്ഥി, വയോധികര്‍, തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. കര്‍ഷകര്‍ക്ക് വേണ്ടി സമഗ്ര പദ്ധതി തയ്യാറാക്കും.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴില്‍ദിനങ്ങളും വര്‍ദ്ധിപ്പിക്കും. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരായുമെന്നും ശശി തരൂര്‍ എം.പിയ്‌ക്കാകും ഇക്കാര്യത്തില്‍ പ്രധാന പങ്കെന്നും ഐശ്വര്യകേരളത്തിനുളള മാനിഫെസ്‌റ്റോയാണിതെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

