ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അതിനിടെ, പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു ജവാനും വീരമൃത്യു വരിച്ചു.
ഇന്ന് പുലര്‍ച്ച 4.45 നാണ് അന്തരാഷ്ട്ര അതിര്‍ത്തിയായ അര്‍ണിയ സെക്റ്ററില്‍ ഡ്രോണ്‍ കണ്ടത്. തുടര്‍ന്ന് സുരക്ഷ പരിശോധനയിലായിരുന്നു ബിഎസ്എഫ് സംഘം ഡ്രോണിന് വെടിവെച്ചു. ഇതോടെ ഇത് അപ്രത്യക്ഷമായി. പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളാണെന്ന് സംശയിക്കുന്നതായി സുരക്ഷ സേന അറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ നാലാംതവണയാണ് ജമ്മു മേഖലയില്‍ അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം.
പുല്‍വാമയിലെ രാജ്പോറ ഗ്രാമത്തില്‍ ഒളിച്ച ഭീകരെ കണ്ടെത്താനുള്ള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതില്‍ ഒരു ജവാനാണ് വീരമൃത്യു വരിച്ചത്. ഒളിച്ചിരുന്ന് ആക്രമിച്ച മൂന്ന് ഭീകരരെ കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് വധിച്ചു.
ഇന്ന് ജമ്മുവിലെത്തുന്ന ആഭ്യന്തര സഹമന്ത്രി കിഷന് റെഢി ജമ്മുവിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തും. ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുമായി യോഗം ചേരും. ജമ്മു കശ്മീരില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ മൂന്ന് ലഷ്കര്‍ ഭീകരരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.

