ഓഖിയില്‍ കാണാതായ ഇറാന്‍ കപ്പല്‍ പൂന്തുറ ഉള്‍ക്കടലില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് കടലില്‍ മുങ്ങിയ ഇറാന്‍ ചരക്ക് കപ്പലിന്‍റെ അവശിഷ്ടം പൂന്തുറയ്ക്കു സമീപം ഉള്‍ക്കടലില്‍ കണ്ടെത്തി. കരയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ 30 മീറ്റര്‍ താഴ്ചയില്‍ ഉറച്ച നിലയിലാണ് കണ്ടെത്തിയത്.

ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിലെയും സ്‌കൂബാ കൊച്ചിനിലെയും സ്‌കൂബാ ഡൈവര്‍മാരാണ് വെള്ളിയാഴ്ച രാവിലെ കപ്പല്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലയും മറ്റും ഇവിടെ എന്തിലോ തട്ടി നശിക്കുന്നത് പതിവായിരുന്നു.

ഈ മേഖലയില്‍ പതിവായി മത്സ്യങ്ങള്‍ കൂട്ടമായി കാണുന്നതും സംശയം ബലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ ഡൈവര്‍മാര്‍ പരിശോധന നടത്തിയത്. പടിഞ്ഞാറോട്ട് അല്‍പ്പം ചരിഞ്ഞുകിടക്കുന്ന കപ്പലിന്‍റെ കൊടിമരം അഞ്ചു മീറ്ററിലധികം ഉയര്‍ന്ന് നില്‍പ്പുണ്ട്.

വലകളും ചെളിയും കടല്‍ച്ചെടികളും നിറഞ്ഞിരിക്കുന്ന കപ്പല്‍ കടല്‍ജീവികളുടെ കേന്ദ്രമാണ്. വിഴിഞ്ഞത്തിനു സമീപമാണ് 2017ല്‍ കപ്പല്‍ ചുഴലിക്കാറ്റില്‍പെട്ടത്. കപ്പലിലെ ജീവനക്കാരെ തീരദേശസേന അന്ന് രക്ഷപ്പെടുത്തിയിരുന്നു. വിഴിഞ്ഞത്ത് മുങ്ങിയ കപ്പല്‍ അടിയൊഴുക്കില്‍പ്പെട്ട് പൂന്തുറയ്ക്കു സമീപം എത്തിയതായാണ് വിലയിരുത്തല്‍. അന്ന് കപ്പല്‍ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം തീരത്ത് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് കണ്ടെത്തുന്ന മൂന്നാമത്തെ കപ്പാലാണിത്. അഞ്ചുതെങ്ങില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുങ്ങിയ ഡച്ച് കപ്പല്‍, 1968ല്‍ ശംഖുംമുഖത്ത് മുങ്ങിയ ഗ്രീക്ക് കപ്പല്‍ എന്നിവയാണ് നേരത്തെ കണ്ടെത്തിയത്. റോബര്‍ട്ട് പനിപ്പിള്ള, അരുണ്‍ അലോഷ്യസ്, ഒലാങ് എന്നീ സ്‌കൂബാ ഡൈവര്‍മാരാണ് സാഹസികമായി പൂന്തുറ കടലില്‍ കപ്പലിനെ കണ്ടെത്തിയത് .

prp

Leave a Reply

*