‘ആദ്യ മത്സരം ചിലപ്പോള്‍ അത് എന്റെ അവസാനത്തേതും ആയിരിക്കാം’; തിളങ്ങിയെങ്കിലും ക്രിസ് ലിന്‍ നിരാശനാണ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായുളള തന്റെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ നിരാശനാണ്. മത്സരശേഷമുളള വാര്‍ത്താസമ്മേളനത്തില്‍ ക്രിസ് ലിന്‍ അത് വ്യക്തമാക്കുകയും ചെയ്തു. കാരണം എന്തെന്നല്ലേ, ആദ്യ മത്സരത്തില്‍ താന്‍ കാരണം ക്യാപ്റ്റന്‍ രോഹിത് റണ്‍ ഔട്ടായതിന്റെ നിരാശയിലാണ് താരം.

മത്സരത്തില്‍ ഞാനല്‍പ്പം അസ്വസ്ഥനായിരുന്നു എന്നതില്‍ ഒരു സംശയവും വേണ്ടാ. ആദ്യമായിട്ടാണ് രോഹിതിനൊപ്പം ബാറ്റ് ചെയ്യുന്നത്. കൂടാതെ മുംബൈയ്ക്കായി കളിക്കുന്ന ആദ്യ മത്സരവും. ശരിക്കും ആ ബോളില്‍ ഒരു റണ്‍സ് നേടാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ അത് ലഭിക്കില്ലെന്ന് മനസിലായപ്പോള്‍ തിരികെ ഓടി. പക്ഷേ നിര്‍ഭാഗ്യവശാല്‍ രോഹിത് ഔട്ടായി. രോഹിത്തിന് പകരം എന്റെ വിക്കറ്റ് നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതിന് ശ്രമിച്ചേനെ. ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റനെ പുറത്താക്കുക, ഇതൊട്ടും മാതൃകാപരമല്ല. ചിലപ്പോള്‍ ആദ്യ മത്സരം എന്റെ അവസാനത്തെ മത്സരമായേക്കാം, ആര്‍ക്കറിയാം എന്നുപറഞ്ഞ് ക്രിസ് ലിന്‍ ചിരിക്കുന്നുമുണ്ട്. നിമിഷങ്ങള്‍ക്കുളളില്‍ സംഭവിച്ചതായിരുന്നു ആ റണ്‍ഔട്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ ഞങ്ങള്‍ നല്ല സ്‌കോര്‍ നേടിയേനെ. രോഹിത് നല്ല രീതിയില്‍ കളിച്ചുവരുവായിരുന്നു. റണ്ണൗട്ടിന് പുറമെ മറ്റ് പല ഘടകങ്ങളും മത്സരത്തില്‍ തങ്ങള്‍ക്ക് പ്രതികൂലമായെന്നും ക്രിസ് ലിന്‍ പറയുന്നു.

1079 ദിവസങ്ങള്‍ക്കു ശേഷം വിരാടിന്റെ മുഖത്ത് ‘വൗ’ ഭാവം വിരിയിച്ച മാക്സ് വെല്‍ സിക്സര്‍ പിറന്ന മത്സരം ബാം​ഗ്ലൂര്‍ എങ്ങനെ തോല്‍ക്കും?

കളിയുടെ നാലാം ഓവറിന്റെ അവസാന പന്തിലാണ് ക്രിസ് ലിന്‍ റണ്ണിനായി ശ്രമിച്ചത് കണ്ട് രോഹിത് ബൗളിങ് എന്‍ഡില്‍ നിന്ന് ഓടിയത്. എന്നാല്‍ ക്രിസ് ലിന്‍ തിരികെ ക്രീസിലേക്ക് ഓടി. രോഹിത് തിരികെ എത്തുന്നതിന് മുന്‍പ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി എറിഞ്ഞ പന്തില്‍ യുസ്വേന്ദ്ര ചഹാല്‍ റണ്‍ഔട്ടാക്കുകയും ചെയ്തു. ക്യാപ്റ്റനായ രോഹിത് താന്‍ മൂലം ഔട്ടായതിന്റെ സമ്മര്‍ദ്ദവും തുടര്‍ന്ന് ക്രിസ് ലിന്റെ മുഖത്ത് കാണാമായിരുന്നു.

അഞ്ചുവര്‍ഷം ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ഉണ്ടെങ്കിലും ക്രിസ് ലിന്നിന് കളിക്കാന്‍ അവസരം ലഭിച്ചത് ഇത്തവണയാണ്. അതാകട്ടെ മുംബൈയുടെ ഓപ്പണര്‍ ഡി കോക്കിന് പകരക്കാരനായും. പാകിസ്ഥാനുമായുളള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൊവിഡ് മുന്‍കരുതല്‍ നിരീക്ഷണത്തെ തുടര്‍ന്ന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങള്‍ നഷ്ടമാകും. ഈ ഒഴിവിലാണ് ഓപ്പണിങ് റോളില്‍ ക്രിസ് ലിന്‍ അരങ്ങേറിയത്. 35 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും അടക്കം 49 റണ്‍സ് അടിച്ച ക്രിസ് ലിന്നാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍.

prp

Leave a Reply

*