IPL 2021 | ദേവ്ദത്തിന് പകരം ആര്‍ സി ബി ഇന്നിങ്ങ്സ് ആര് ഓപ്പണ്‍ ചെയ്യും?

ഐ പി എല്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇത്തവണ അല്‍പം മിനുക്ക് പണിയൊക്കെ നടത്തിയാണ് വിരാട് കോഹ്ലിയും കൂട്ടരും ഇറങ്ങുന്നത്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും, ന്യൂസിലന്‍ഡ് പേസ് ബോളര്‍ കെയില്‍ ജാമിസണും കരുത്തു കൂട്ടാനെത്തിയിട്ടുണ്ട്.

ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇതോടെ ആദ്യ മത്സരത്തില്‍ കളിക്കുവാന്‍ താരത്തിനു കഴിയില്ല. ദേവ്ദത്ത് ഇപ്പോള്‍ ക്വറന്റീനില്‍ കഴിയുകയാണ്. അവസാന ഐ പി എല്‍ സീസണില്‍ ദേവ്ദത്ത് 15 മത്സരത്തില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 147.40 ശരാശരിയില്‍ 737 റണ്‍സും താരം സ്വന്തം പേരിലാക്കിയിരുന്നു. വിരാട് കോഹ്ലി ഓപ്പണറാവുമ്ബോള്‍ പങ്കാളിയായി ആരാവും ഇറങ്ങുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മൂന്ന് താരങ്ങളാണ് ആ സ്ഥാനത്തേക്ക് ഏറ്റവും അധികം പരിഗണന അര്‍ഹിക്കുന്നത്.

മുഹമ്മദ്‌ അസറുദിന്‍

മലയാളി താരം മുഹമ്മദ് അസറുദ്ദീന് ഓപ്പണിങ്ങില്‍ ആര്‍ സി ബി അവസരം നല്‍കാന്‍ സാധ്യതയുണ്ട്. പവര്‍ഹിറ്ററായ അസറുദ്ദീന്റെ ആദ്യ ഐ പി എല്‍ സീസണാണിത്. ഈയിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ കളിച്ച്‌ അനുഭവസമ്ബത്ത് കുറവുണ്ടെങ്കിലും ഓപ്പണറെന്ന നിലയില്‍ അസറുദ്ദീന് അവസരം കൊടുക്കാന്‍ തിളങ്ങാനുള്ള സാധ്യത കൂടുതലാണ്. വിക്കറ്റ് കീപ്പര്‍ കൂടിയാണ് അസറുദീന്‍. അതേസമയം ഇത്തവണ ഡി വില്ലിയേഴ്‌സ് ആയിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഉണ്ടാവുക എന്ന് ആര്‍ സി ബി മാനേജ്മെന്റ് അറിയിച്ചിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍

കെ കെ ആര്‍ ടീം സുനില്‍ നരേയ്നെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നത് പോലെ വാഷിങ്ടണ്‍ സുന്ദറിനെ ആര്‍ സി ബി പരീക്ഷണം നടത്താന്‍ സാധ്യതയുണ്ട്.
സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം നടത്തിയിട്ടുള്ള ഓപ്പണറാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ടി20 ടീമിലെയും സ്ഥിര സാന്നിധ്യമായ സുന്ദറിന് ഐ പി എല്ലില്‍ ഇതുവരെ മികച്ചൊരു ബാറ്റിങ് പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിട്ടില്ല.

ഗ്ലെന്‍ മാക്സ്വെല്‍

ഇത്തവണത്തെ ലേലത്തില്‍ ആര്‍ സി ബി പഞ്ചാബില്‍ നിന്നും സ്വന്തമാക്കിയ വെടിക്കെട്ട് ബാറ്റ്സ്മാനായ മാക്സ്വെല്‍ ആണ് ഓപ്പണിങ്ങ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. അവസാന സീസണില്‍ താരത്തിന്റെ പ്രകടനം നിറം മങ്ങിയിരുന്നു. എന്നാല്‍ കോഹ്ലിയോടൊപ്പം ഓപ്പണിങ്ങ് ഇറങ്ങുന്നതോടെ താരത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടിയേക്കും. അത് ടീമിനും ഗുണം ചെയ്തേക്കും. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് മാക്‌സ്വെല്‍. നേരത്തെ ഓസ്ട്രേലിയക്കു വേണ്ടിയും മാക്സ്വെല്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. കോഹ്ലിക്ക് ഒരു വശത്ത് നിലയുറപ്പിച്ച്‌ കളിക്കാനും മാക്സ്വെലിനു ആക്രമിച്ച്‌ കളിക്കാനും ഈ കൂട്ടുകെട്ട് വഴിയൊരുക്കും.

prp

Leave a Reply

*