ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കു മടി; എസ്‌.ഐമാര്‍ ആലസ്യത്തില്‍, ഗുണ്ടകള്‍ക്കു കോളായി , പോലീസിന്റെ ശക്‌തി ചോര്‍ത്തിയത്‌ എസ്‌.എച്ച്‌.ഒ. പരീക്ഷണം

തിരുവനന്തപുരം : പോലീസിനെ ദുര്‍ബലമാക്കിയത്‌ ജില്ലാ പോലീസ്‌ മേധാവികളെ നോക്കുകുത്തിയാക്കിയ ഇന്‍സ്‌പെക്‌ടര്‍-എസ്‌.എച്ച്‌.ഒ.

സംവിധാനമെന്ന്‌ ആക്ഷേപം. അഞ്ഞൂറിലധികം വരുന്ന സ്‌റ്റേഷനുകളിലെ ഹൗസ്‌ ഓഫീസര്‍മാര്‍ക്കുമേല്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു നിയന്ത്രണമില്ലാത്ത സ്‌ഥിതിയാണിപ്പോള്‍. എസ്‌.എച്ച്‌.ഒ. ഇന്‍സ്‌പെക്‌ടര്‍മാരുടെ മേല്‍നോട്ടം റേഞ്ച്‌ ഐ.ജിമാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്‌ഥര്‍ക്കുമാണ്‌. ഈ അവസ്‌ഥ മാറണമെന്നു ജില്ലാ പോലീസ്‌ മേധാവിമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ല.
സ്‌റ്റേഷന്‍ മേല്‍നോട്ടം ഇങ്ങനെയായതോടെ ക്രമസമാധാനപാലനച്ചുമതലയില്‍ ജില്ലാ പോലീസ്‌ മേധാവിമാരായ എസ്‌.പിമാര്‍ക്കു നേരിട്ടു റോളില്ലാത്ത നിലയാണ്‌. ഒരു സ്‌റ്റേഷനു കീഴില്‍ മൂന്നു പഞ്ചായത്ത്‌, നഗരപ്രദേശങ്ങളാണെങ്കില്‍ മൂന്നോ നാലോ വാര്‍ഡ്‌ എന്നിങ്ങനെയാണു സ്‌റ്റേഷനുകളുടെ ഘടന. ഈ പ്രദേശങ്ങളുടെ ക്രമസമാധാനപാലനത്തില്‍ പ്രാഥമിക ചുമതല മൂന്നു വര്‍ഷം മുന്‍പു വരെ എസ്‌.ഐമാര്‍ക്കായിരുന്നു. കേസ്‌ അന്വേഷണങ്ങളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കും.
സി.ഐമാരെ ഇന്‍സ്‌പെക്‌ടറാക്കി സ്‌റ്റേഷനുകളില്‍ നിയോഗിച്ചപ്പോള്‍ തങ്ങളെ എസ്‌.ഐ. റോളിലേക്കു താഴ്‌ത്തിയ പ്രതീതിയാണു പലര്‍ക്കുമുണ്ടായത്‌. പല സ്‌റ്റേഷനിലും സീനിയര്‍ റാങ്കിലുള്ള സി.ഐമാരാണ്‌ എസ്‌.എച്ച്‌.ഒമാര്‍. നൂലാമാലകളില്‍ അകപ്പെട്ടാല്‍ തൊട്ടടുത്തുള്ള സ്‌ഥാനക്കയറ്റം നഷ്‌ടമാകുമെന്നു ഭയക്കുന്ന അവര്‍ പലപ്പോഴും പ്രശ്‌നസാഹചര്യങ്ങളില്‍ വേണ്ടവണ്ണം ഇടപെടാറില്ല. ഇന്‍സ്‌പെക്‌ടര്‍മാര്‍ േജാലി ചെയ്യാതിരിക്കുമ്ബോള്‍ താഴെയുള്ള എസ്‌.ഐമാരും അനങ്ങില്ല. ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ. സംവിധാനം നിലവില്‍ വന്നതോടെ ഏതു ജോലി ആരു ചെയ്യുമെന്നു പറയാനാകാത്ത സ്‌ഥിതിയാണ്‌. ഈ അവസരമാണ്‌ ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങള്‍ മുതലെടുക്കുന്നത്‌. എസ്‌.ഐമാരുടെ ഉത്തരവാദിത്വം ഇല്ലാതായതോടെ ക്രമസമാധാനം കൈവിട്ടുപോയി.
ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ സംവിധാനം ഒറ്റയടിക്കു പിന്‍വലിക്കാനായില്ലെങ്കില്‍ അതത്‌ സ്‌റ്റേഷന്‍ പരിധിയിലെ പഞ്ചായത്തുകള്‍ േവര്‍തിരിച്ച്‌ എസ്‌.ഐമാര്‍ക്ക്‌ ചുമതല കൊടുത്താല്‍ മതിയെന്ന്‌ എസ്‌.പിമാര്‍ പറയുന്നു. എസ്‌.ഐമാര്‍ എസ്‌.എച്ച്‌.ഒമാരായിരുന്ന കാലത്ത്‌ വീഴ്‌ചകളുണ്ടായാല്‍ സ്‌ഥലംമാറ്റാന്‍ എസ്‌.പിമാര്‍ക്ക്‌ അധികാരമുണ്ടായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ. സംവിധാനത്തില്‍ അതില്ല. പ്രശ്‌നക്കാരായ സി.ഐമാരെ എസ്‌.പിമാര്‍ തൊട്ടാലുടന്‍ രാഷ്‌ട്രീയ നേതൃത്വം ഇടപെടുന്നതു പ്രശ്‌നങ്ങള്‍ വഷളാക്കി. പോലീസിലെ രാഷ്‌ട്രീയവത്‌ക്കരണവും സേനയുടെ കെട്ടുറപ്പിനെ ബാധിച്ചു.
എസ്‌.എച്ച്‌.ഒമാരുടെ നിയന്ത്രണം ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കും ജില്ലാ പോലീസ്‌ മേധാവിമാരുടെ നിയന്ത്രണം ഡി.ജി.പിക്കും ഡി.ജി.പിയുടെ മേല്‍ സര്‍ക്കാരിനുമാണ്‌ അധികാരം വേണ്ടിയിരുന്നത്‌. ഇത്‌ അപ്പാടെ പാളി. ഗ്രേഡ്‌ എ.എസ്‌.ഐ/എസ്‌.ഐ എന്നിവരുടെ മേല്‍ അച്ചട നടപടി എടുക്കാനുള്ള അധികാരം പോലും എസ്‌.പിമാര്‍ക്കില്ല. അതും ഡി.ഐ.ജിമാരുടെ കൈയിലാണ്‌. അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം എസ്‌.പിമാര്‍ക്കു നല്‍കിയെങ്കില്‍ മാത്രമേ ഫലപ്രദമായ പോലീസ്‌ സംവിധാനം ഉണ്ടാകൂ എന്നു മുന്‍ ഡി.ജി.പിമാര്‍ പറയുന്നു.

എസ്‌. നാരായണ്‍

prp

Leave a Reply

*