ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ആദ്യ ബാച്ച് എന്ന നിലയില്‍ അഞ്ച് റാഫാല്‍ വിമാനങ്ങള്‍ ഉടനെത്തും. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ ജൂലായ് 29ന് ഇന്ത്യയില്‍ ലാന്റ് ചെയ്യും. 2016ലാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ചെണ്ണമാണ് ഇന്ത്യയിലേക്ക് പറന്നത്. നിലവില്‍ 12 വ്യോമസേന പൈലറ്റുമാര്‍ക്ക് റഫാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. നിരവധി പേര് പരിശീലനത്തിലുമാണ്.
ഇരട്ടസീറ്റുള്ള രണ്ടും സിംഗിള്‍ സീറ്റുള്ള മൂന്നും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്. ഫ്രാന്‍സില്‍ നിന്നു ഇന്ത്യയിലേക്ക് 7000 കിലോമീറ്റര്‍ പറന്നാണ് വിമാനങ്ങള്‍ എത്തുന്നത്. ഇന്ത്യയിലെത്തുന്നതിന് മുമ്ബായി യു.എ.ഇ എയര്‍ബേസില്‍ വെച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കും. വിമാനങ്ങളെ ഇന്ധന ആവശ്യങ്ങള്‍ക്കായി ടാങ്കര്‍ എയര്‍ക്രാഫ്റ്റ് അനുഗമിക്കുന്നുണ്ട്.
ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്ത് ഇന്ത്യന്‍ പൈലറ്റുമാരുമായി ബന്ധപ്പെടുകയും രാജ്യത്തിന് അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തിരുന്നു.
അതി മാരകമായ ആയുധങ്ങളാണ് റഫാലിലുള്ളത്. 300 കിലോമീറ്റര്‍ ദൂരത്തേക്ക് എയര്‍ ടു ഗ്രൗണ്ട് ക്രൂയിസ് മിസൈലുകളും മറ്റ് ആയുധങ്ങളും പായിക്കാന്‍ ഫ്രഞ്ച് നിര്‍മിത വിമാനത്തിന് കഴിയും. മെച്ചപ്പെടുത്തിയ റഡാര്‍, ലോ-ബാന്‍ഡ് ജാമറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള ‘കോള്‍ഡ് സ്റ്റാര്‍ട്ടിനുള്ള കഴിവ്, 10 മണിക്കൂര്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡ്, ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള തിരയല്‍ തുടങ്ങിയവയാണ് റഫാലിെന്റ പ്രധാന സവിശേഷതകള്‍.

