അതിര്‍ത്തി വഴി നുഴഞ്ഞുകടന്ന് രക്ഷപ്പെടാന്‍ ശ്രമം; പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

ജീസാന്‍: നിയമവിരുദ്ധമായി സൗദി അറേബ്യയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരില്‍ ഇന്ത്യക്കാരും ഏറെ.

യമനുമായി അതിര്‍ത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിര്‍ മല​ഞ്ചെരുവുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് അതിര്‍ത്തിരക്ഷ സേനയുടെ പിടിയില്‍ അകപ്പെടുന്നവരില്‍ അധികവും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പലവിധ നിയമപ്രശ്നങ്ങളില്‍ കുടുങ്ങിയവരാണ് രക്ഷപ്പെടാനുള്ള പഴുത് തേടി ഇവിടെയെത്തുന്നത്. സ്പോണ്‍സറുമായി പ്രശ്നമുള്ളവര്‍, വാഹനാപകട കേസില്‍ കുടുങ്ങിയവര്‍, സാമ്ബത്തിക പ്രശ്നം നേരിടുന്നവര്‍, ഹുറൂബ് കേസില്‍ പെട്ടവര്‍, സ്​പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവര്‍, മറ്റു പലവിധ നിയമപ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരാണ് ഈ സാഹസിക മാര്‍ഗം തേടുന്നത്.

ഇടനിലക്കാരുടെ പ്രേരണ വഴി ആയിരക്കണക്കിന് റിയാല്‍ നല്‍കിയാണ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകടന്ന് യമന്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ജീസാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷംസു പൂക്കോട്ടൂര്‍ കഴിഞ്ഞദിവസം അതിര്‍ത്തി സുരക്ഷാ സേനയുടെ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരത്തില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്ന വിവരം അധികൃതര്‍ വെളിപ്പെടുത്തിയത്. അതിര്‍ത്തിയില്‍നിന്നും ദായിര്‍ വഴി 10 മുതല്‍ 15 കിലോമീറ്റര്‍ വരെ മലയിടുക്കുകളിലൂടെ നടന്നാണ് പലരും ഇത്തരം സാഹസങ്ങള്‍ ചെയ്യുന്നതും പിടിക്കപ്പെടുന്നതും. ഈ മേഖല സുരക്ഷ സേനയുടെയും മറ്റും നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഇവിടെ പ്രവേശിക്കുന്നവരെ സ്വദേശി, വിദേശി വ്യത്യാസം ഇല്ലാതെ കസ്റ്റഡിയില്‍ എടുക്കും.

സേനയുടെ ശാസന അനുസരിക്കാതിരിക്കുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ വെടിവെക്കുകയും ചെയ്യും. കൂടാതെ അതിര്‍ത്തി വിട്ടുകടക്കാന്‍ ശ്രമിക്കുന്നതോടു കൂടി, ഓട്ടോമാറ്റിക് സിസ്റ്റം വഴിയുള്ള ആക്രമണവും ഉണ്ടാകും. ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരാണ് ഏജന്റുമാരുടെ വലയില്‍ വീഴുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വ്യഗ്രതയില്‍ മരണത്തിന്റെ മുമ്ബിലേക്കാണ് ഇവര്‍ ചെന്നുചാടുന്നതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തുന്നു.

സുരക്ഷ സേനയുടെ കസ്റ്റഡിയിലായാല്‍ നാലുമാസം വരെ തടവുശിക്ഷ ലഭിക്കും. ശേഷം വിരലടയാളം പരിശോധിച്ചു നിലവില്‍ കേസുള്ളതാണെന്ന് കണ്ടെത്തിയാല്‍ അതത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജയിലിലേക്ക് തുടര്‍നടപടിക്ക് വേണ്ടി മാറ്റും. ജീസാന്‍ സുരക്ഷാസേന മേധാവിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി രക്ഷാസേനയുടെ നിയമകാര്യ വിഭാഗം തലവന്‍ കേണല്‍ അബൂനാസിര്‍ കുറ്റകൃത്യത്തെയും അതിന്റെ ഗുരുതര സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച്‌ വിശദീകരിച്ചു. പ്രശ്നങ്ങളും പ്രയാസങ്ങളും ഉള്ളവര്‍ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാരുടെ ഇടയില്‍ കൂടുതല്‍ ബോധവത്കരണം നടത്താന്‍ ശ്രമിക്കുമെന്ന് ഷംസു പൂക്കോട്ടൂര്‍ ഉറപ്പ് നല്‍കി.

prp

Leave a Reply

*