ലഡാക്ക്: പാംഗോങ് തടാകത്തില്‍ കൂടുതല്‍ പട്രോളിങ് ബോട്ടുകള്‍ വിന്യസിച്ച് ചൈന. തര്‍ക്കം നിലനില്‍ക്കുന്ന ഫിംഗര്‍ 5 ഫിഗര്‍ 6 എന്നിവിടങ്ങളില്‍ 13 ബോട്ടുകളാണ് ചൈനീസ് സൈന്യം വിന്യസിച്ചിരിക്കുന്നത്. ഫിംഗര്‍ 5 ല്‍ ആറ് ബോട്ടുകളും ഫിംഗര്‍ 6 ല്‍ 10 ബോട്ടുകളുമാണ് ഉള്ളത്. ജൂലൈ 29ലെ സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഇവ വ്യക്തകുന്നത്. ജൂണ്‍ 15ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഫിംഗര്‍ 6 മേഖലയില്‍ എട്ട് ബോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പുതിയവയാണ്.
ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം നിയന്ത്രണ രേഖ ഫിംഗര്‍ 8 വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ ചൈന ഇത് അംഗീകരിക്കുന്നില്ല. സൈനിക- നയതന്ത്രതല ചര്‍ച്ചകളേ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ പാംഗോങ് തടാക മേഖലയിലെ തര്‍ക്കമേഖലയില്‍ നിന്ന് ചൈന പിന്മാറിയിട്ടില്ല.
പുതിയ കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ തര്‍ക്കമേഖലയില്‍ ചൈനീസ് സൈന്യം നിര്‍മിച്ചിട്ടുണ്ടെന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിയിക്കുന്നു. ഒരു ബോട്ടില്‍ 10 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ രണ്ട് സ്ഥലങ്ങളിലുമായി ഏകദേശം 130 ചൈനീസ് സൈനികര്‍ ഉണ്ടായേക്കാമെന്നാണ് കണക്കുകൂട്ടുന്നത്. തടാക മേഖലയില്‍ ചൈന ശക്തിവര്‍ധിപ്പിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനൊക്കെ പുറമേ തണുപ്പുകാലത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകള്‍ ഇവിടങ്ങളില്‍ ചൈന സ്ഥാപിച്ചിട്ടുണ്ട്. ഇതിനും പുറമെ 15 പുതിയ ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഏത് കാലാവസ്ഥയേയും നേരിടാന്‍ തയ്യാറെടുത്താണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.
പാംഗോങ് തടാകത്തിന് സമീപം കൂടുതല്‍ കാലം തങ്ങാന്‍ തയ്യാറെടുത്ത് തന്നെയാണ് ചൈനീസ് സൈന്യം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകളില്‍ 12 സൈനികര്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങളുണ്ട്. ഹട്ടുകളിലും ടെന്റുകളിലുമായി ഇങ്ങനെ 480 സൈനികര്‍ക്ക് ഇവിടെ തങ്ങാന്‍ സാധിക്കും.
അതേസമയം ശൈത്യകാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലഡാക്കില്‍ നിലവില്‍ 40,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയതിന് ശേഷം അത് ഇത്തരമൊരു കാലാവസ്ഥയില്‍ നിലനിര്‍ത്തുക വളരെ ചെലവേറിയ കാര്യമാണ്. മുമ്ബ് നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ പ്രകാരം നിയന്ത്രണരേഖയില്‍ മുമ്ബുണ്ടായിരുന്ന സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ പാംഗോങ്ങില്‍ നിന്ന് പിന്മാറാന് ചൈന തയ്യാറല്ലെന്നാണ് നിലവിലെ നടപടികള്‍ സൂചിപ്പിക്കുന്നത്.

