
കാഠ്മണ്ഡു: ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് നേപ്പാളിന് ഇനി പുതിയ ഭൂപടം. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അധീനതയിലുള്ള ചില പര്‍വതങ്ങള്‍ കൂടി ചേര്‍ത്താണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷം അതീവസങ്കീര്‍ണ്ണമായി നിലനില്‍ക്കുമ്ബോഴാണ് നേപ്പാളിന്‍റെ ഈ പ്രകോപനം എന്നതാണ് ശ്രദ്ധേയം. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകള്‍ നേപ്പാളിന്‍റേതാണെന്നാണ് അവകാശവാദം.
നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നല്‍കിയിരുന്നു. ഒരു ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് ഈ പര്‍വതമേഖലയെ നേപ്പാള്‍ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പ്രതിപക്ഷകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് അടക്കം പിന്തുണച്ച ബില്ല്, അതുകൊണ്ടുതന്നെ പാര്‍ലമെന്‍റില്‍ വളരെ എളുപ്പം പാസ്സാക്കുകയും ചെയ്തു.
ഭരണത്തിലുള്ള ഇടത് പാര്‍ട്ടി പ്രത്യക്ഷത്തില്‍ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാലാപാനിയുള്‍പ്പടെ ഇന്ത്യന്‍ സൈന്യം നിര്‍ണായകമായി കണക്കാക്കുന്ന മേഖലകള്‍ അടക്കം സ്വന്തം അതിര്‍ത്തിയ്ക്കുള്ളിലേക്ക് മാറ്റിവരച്ചിരിക്കുകയാണ് നേപ്പാള്‍. ഈ നീക്കത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണം ശക്തമായി ഉയരാന്‍ എല്ലാ സാധ്യതകളുമുണ്ട്.
നേപ്പാളില്‍ സാധാരണ ഒരു മാസത്തോളം നീണ്ട പ്രകിയയിലൂടെ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി പാസ്സാക്കാനാകൂ. എന്നാലിത്തവണ, ജനവികാരം കണക്കിലെടുത്ത് ചില നടപടിക്രമങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു നേപ്പാള്‍ സര്‍ക്കാര്‍ എന്നാണ് വിശദീകരണം.
ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശം കൂടിച്ചേര്‍ത്തുള്ള ഭൂപടത്തിന് നേപ്പാള്‍ ഭരണകക്ഷി അനുമതി നല്‍കിയപ്പോള്‍ത്തന്നെ ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചരിത്രബോധമില്ലാത്ത, ഏകപക്ഷീയമായ തീരുമാനമെന്നാണ് വിദേശകാര്യമന്ത്രാലയം നേപ്പാളിന്‍റെ നടപടിയെ വിശേഷിപ്പിച്ചത്.
‘ഇത്തരം കൃത്രിമമായ ഭൂപടത്തിന്‍റെ വിപുലീകരണം അംഗീകരിക്കാനാകില്ല’, എന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ‘അതിര്‍ത്തിപ്രദേശങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. ഇത്തരത്തില്‍ നീതീകരിക്കാനാകാത്ത ഭൂപടവിപുലീകരണത്തില്‍ നിന്ന് നേപ്പാള്‍ പിന്‍മാറണം. ഇന്ത്യയുടെ അതിര്‍ത്തിനിര്‍ണയങ്ങളെ മാനിക്കണം’, എന്നും അനുരാഗ് ശ്രീവാസ്തവ ആവശ്യപ്പെട്ടിരുന്നു.
