ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭീകരരുടെ താവളങ്ങള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ജമ്മു കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ വരും ആഴ്ചകളില്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണ രേഖയ്ക്ക് കുറുകെ 225-250 ഭീകരര്‍ ഉണ്ടെന്നും, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 30-40 പേര്‍ കൂടി ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 14 ലോഞ്ച് പാഡുകളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.തങ്ധര്‍, നൗഗാം, ഉറി, പൂഞ്ച്, പല്ലന്‍വാല പ്രദേശങ്ങളില്‍ ഒരോ ലോഞ്ച്പാഡും, മച്ചല്‍, കൃഷ്ണ ഘാട്ടി, നൗഷേര പ്രദേശങ്ങളില്‍ രണ്ട് വീതവും, ഭീംബര്‍ ഗാലിയില്‍ മൂന്ന് ലോഞ്ച് പാഡുമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയെക്കൂടാതെ, ഭീകരവാദ സംഘടനയായ അല്‍ ബദറിനെ പാകിസ്ഥാന്‍ ശക്തിപ്പെടുത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം അഥ്മുഖം, ശാര്‍ദി എന്നിവിടങ്ങളില്‍ രണ്ട് അല്‍ ബദര്‍ ക്യാമ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരില്‍ ഭീകരവാദികളുടെ റിക്രൂട്ട് മെന്റ് തുടരുകയാണ്. ഈ വര്‍ഷം പകുതിവരെ 60 പേരെ ഭീകരര്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്.അവരില്‍ പകുതിയോളം ലഷ്‌കര്‍ തൊയ്ബയില്‍ ചേര്‍ന്നു. 11 പേര്‍ അല്‍ ബദറിലും ചേര്‍ന്നു.

