ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷം; ‘ബോയ്‌ക്കോട്ട് ചൈന’ ക്യാമ്ബയ്ന്‍ ശക്തം; ബഹിഷ്‌കരിക്കേണ്ട 500 ലധികം ഉല്‍പ്പന്നങ്ങളുടെ പട്ടിക സിഐടി പുറത്തിറക്കി; അവസരം മുതലെടുത്ത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ബഹിഷ്‌കരിക്കേണ്ട 500 ലധികം ‘മെയ്ഡ് ഇന്‍ ചൈന’ ഉല്‍പ്പന്നങ്ങളുടെ പട്ടിക കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) പുറത്തിറക്കി. റിപ്പോര്‍ട്ട് അനുസരിച്ച്‌, ലഡാക്ക് അതിര്‍ത്തിയിലെ ആക്രമണത്തെക്കുറിച്ച്‌ വ്യാപാരികളുടെ സംഘടന ശക്തമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ചൈനയുടെ മനോഭാവം ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ദൈനംദിന ഉപയോഗ വസ്തുക്കള്‍, അടുക്കള ഇനങ്ങള്‍, ഫര്‍ണിച്ചര്‍, ഹാര്‍ഡ്വെയര്‍, പാദരക്ഷകള്‍, ഹാന്‍ഡ്ബാഗുകള്‍, ലഗേജ്, ഇലക്‌ട്രോണിക്സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്സ്, വാച്ചുകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സ്റ്റേഷനറി, പേപ്പര്‍, വീട്ടുപകരണങ്ങള്‍ എന്നിവ പട്ടികയിലെ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ പാര്‍ട്‌സ് തുടങ്ങിയവയും പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ചൈനയില്‍ നിന്ന് ബഹിഷ്‌കരിക്കേണ്ട 500 ലധികം ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയാണ് ‘ഇന്ത്യയുടെ ഉത്പന്നങ്ങള്‍ – നമ്മുടെ അഭിമാനം’ എന്ന പേരില്‍ സിഐടി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, 2021 ഡിസംബറോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 13 ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷം കോടി രൂപ) കുറവുണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ചൈനയില്‍ നിന്നുള്ള വാര്‍ഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയാണ് (70 ബില്യണ്‍ ഡോളര്‍).

ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുമ്ബോള്‍ വില നിര്‍ണ്ണായക ഘടകമാണ്. ഈ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതികവിദ്യ ആവശ്യമില്ല. ഈ ചരക്കുകള്‍ ഇന്ത്യയില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാനും ചൈനീസ് ഇറക്കുമതിക്ക് പകരം വയ്ക്കാനും കഴിയും. ചരക്കുകള്‍ക്കായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് സിഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളും വ്യക്തമാക്കി.

പ്രത്യേക സാങ്കേതികവിദ്യ ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേല്‍വാളും വ്യക്തമാക്കി. ‘നിലവില്‍, ഇത്തരം ഇനങ്ങള്‍ ബഹിഷ്‌കരണത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ബദല്‍ ഇന്ത്യയില്‍ വികസിപ്പിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സൗഹൃദ രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നതുവരെ, മറ്റ് മാര്‍ഗങ്ങളില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചെറുകിട വ്യവസായങ്ങള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ വഴി ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കുന്നതിന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഇക്കാര്യം അറിയിക്കുമെന്നും സംഘടന വ്യക്തമാക്കി.

സര്‍ക്കാര്‍ ടെലികോം സംരംഭങ്ങള്‍ക്ക് ടെലികോം ഉപകരണങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ചൈനീസ് കമ്ബനികളെ വിലക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ഹുവാവേ, ഇസഡ്ടിഇ തുടങ്ങിയ കമ്ബനികള്‍ വിതരണം ചെയ്യുന്ന ഗിയര്‍ ഉപയോഗിക്കുന്നതും വിലക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാല്‍വാന്‍ മേഖലയിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായിയുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കോവിഡ് ഉത്തേജക സാമ്ബത്തിക പാക്കേജില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നല്‍കിയ പ്രത്യേക ഊന്നലും ബോയ്‌ക്കോട്ട് ചൈന പദ്ധതിയുമായി ചേര്‍ത്ത് മനസിലാക്കേണ്ടതാണ്. ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ അടുത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

prp

Leave a Reply

*