IND vs SA | ‘യുവനിര കളിച്ച രീതിയില്‍ അഭിമാനം’: ഏകദിനത്തിലെ തോല്‍വിക്ക് ശേഷം ശിഖര്‍ ധവാന്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ കളിച്ച രീതിയില്‍ അഭിമാനമുണ്ടെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.മഴ കാരണം 40 ഓവറായി കുറച്ച മത്സരത്തില്‍ ഇന്ത്യ 9 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മധ്യനിരയും വാലറ്റവും ഇന്ത്യയ്ക്കായി പൊരുതിയത്.

250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും വേഗത്തില്‍ നഷ്ടമായി. ധവാന്‍ 4 റണ്‍സും ഗില്‍ 3 റണ്‍സും മാത്രമാണ് എടുത്തത്. തുടര്‍ന്ന് ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്ക്‌വാദും ചേര്‍ന്ന് 40 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും റണ്‍ നിരക്ക് വളരെ കുറവായിരുന്നു.

42 പന്തില്‍ 19 റണ്‍സ് മാത്രമെടുത്താണ് ഗെയ്ക്ക്‌വാദ് പുറത്തായത്. തബ്രെയ്സ് ഷംസിയെ ക്രീസില്‍ നിന്ന് പുറത്തിറങ്ങി അടിക്കാനുള്ള ശ്രമത്തില്‍ ഗെയ്ക്ക്‌വാദിനെ ഡീകോക്ക് സ്റ്റമ്ബ് ചെയ്ത് പുറത്താക്കുകയായിരുന്നു. 20 റണ്‍സ് എടുക്കാനായി മറ്റൊരു മുന്‍നിര ബാറ്ററായ ഇഷാന്‍ കിഷന്‍ ചെലവാക്കിയതാകട്ടെ 37 പന്തുകള്‍. സ്പിന്നര്‍ കേശവ് മഹാരാജ് ആണ് കിഷനെ പുറത്താക്കിയത്.

പിന്നീട് ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ഗതിവേഗം പകര്‍ന്നത്. മുന്നില്‍ നിന്നു നയിച്ച ശ്രേയസ് 37 ബോളില്‍ നിന്നാണ് 50 റണ്‍സ് നേടിയത്. ഇതില്‍ 8 ഫോറുകളും അടിച്ചുകൂട്ടി. ശ്രേയസ് പുറത്തായ ശേഷം സഞ്ജുവിനൊപ്പം ചേര്‍ന്ന വാലറ്റക്കാരന്‍ ശാര്‍ദ്ദുല്‍ ഠാക്കൂറും സ്കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. 33 റണ്‍സെടുത്ത ഠാക്കൂര്‍ സഞ്ജുവിനൊപ്പം ചേര്‍ന്ന് 93 റണ്‍സിന്‍്റെ പാര്‍ട്ണര്‍ഷിപ്പാണ് നിര്‍ണ്ണായക സമയത്ത് പടുത്തുയര്‍ത്തിയത്. കളിയുടെ അവസാന പന്ത് വരെ പൊരുതിയ സഞ്ജു 63 ബോളില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

“യുവാക്കള്‍ കളിച്ച രീതിയില്‍ വളരെ അഭിമാനമുണ്ട്, ഞങ്ങള്‍ക്ക് നല്ല തുടക്കം ലഭിച്ചില്ല, ശ്രേയസും സാംസണും ശാര്‍ദ്ദൂലും ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു,” കളി അവസാനിച്ച ശേഷമുള്ള സമ്മാനവിതരണ ചടങ്ങില്‍ ധവാന്‍ പറഞ്ഞു.

prp

Leave a Reply

*