ഇസ്ലാമാബാദ്; പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടിയുടെ സോഷ്യല്‍ ടീമംഗങ്ങള്‍ പിടിയില്‍.
പാക് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്കെതിരെയും സുപ്രീം കോടതിക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. പിടിഐ പ്രവര്‍ത്തകരായ എട്ട് പേരാണ് അറസ്റ്റിലായത്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇമ്രാന്‍ ഖാനെതിരെ പാക് അസംബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പ് നടക്കവെ രാജ്യത്ത് ആര്‍മി ചീഫിനെതിരെയുള്ള ട്വീറ്റുകളായിരുന്നു ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. ആസൂത്രിതമായി നടന്ന സോഷ്യല്‍ മീഡിയ ക്യാമ്ബയിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തത്. അവിശ്വാസ വോട്ടെടുപ്പില്‍ 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് അധികാരം പിടിച്ചത്.
ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായതിന് പിന്നാലെ പാക് സൈന്യത്തിന് എതിരെ രാജ്യത്ത് വലിയ പ്രക്ഷോഭവും നടന്നിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറി. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങി 12 നഗരങ്ങളിലായിരുന്നു പ്രകടനങ്ങള്‍. പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ദേശീയ അസംബ്ലി ചേരാനിരിക്കെയായിരുന്നു പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. പാക് സൈന്യത്തിന് എതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനങ്ങള്‍. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യമായിരുന്നു പ്രകടനങ്ങളില്‍ വ്യാപകമായി ഉയര്‍ന്നത്.

