നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റി പറഞ്ഞിട്ടില്ലെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പൊലീസ് തന്റെ മൊഴി ആപൂര്‍ണമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്നും, പറയാത്ത കാര്യങ്ങള്‍ വന്നെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘പൊലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടണ്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. സ്വാഭാവികമായ തിരുത്താണ് കോടതിയില്‍ നടത്തിയത്.’-അദ്ദേഹം പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ സംഘടന നടിയെ പിന്തുണച്ചിട്ടുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിക്കളയുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായി വാക്കാല്‍ പരാതി പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ‘അതല്ല അതിനപ്പുറത്തെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

