തൃശൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ തിരക്കൊഴിഞ്ഞ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ക്ക് പോലീസിന്റെ വക പിഴയടപ്പിക്കല്‍.നടുവിലാല്‍, നായ്ക്കനാല്‍, ബിനി ടൂറിസ്റ്റ് ഹോം, ജനറല്‍ ആശുപത്രി, മണികണ്ഠനാല്‍ പരിസരങ്ങളില്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലാണ് റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് മൊബൈല്‍ അനധികൃത പാര്‍ക്കിംഗ് സ്റ്റിക്കര്‍ ഒട്ടിച്ചത്.
അഴിക്കോടന്‍ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വൈ കുന്നേരം മുഖ്യമന്ത്രി എത്തുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ റൗണ്ടില്‍ പാര്‍ക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് സ്റ്റിക്കര്‍ പതിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ കയര്‍ കെട്ടിയതു മറികടന്നു നിര്‍ത്തിയിട്ട വാഹനങ്ങളിലാണു സ്റ്റിക്കര്‍ പതിച്ചത്.
കയര്‍ തലേന്ന് രാത്രിയില്‍തന്നെ കെട്ടിയതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് സ്റ്റിക്കര്‍ പതിച്ചത്. സ്റ്റിക്കര്‍ പതിച്ച വാഹന ഉടമകള്‍ സ്റ്റേഷനില്‍ചെന്ന് കാര്യം ബോധിപ്പിക്കേണ്ടതുണ്ട്.
എന്നാല്‍ കയറില്‍ നോ പാര്‍ക്കിംഗ് എന്നതിനു പകരം വര്‍ക്ക് ഇന്‍ പ്രോഗ്രസ്, സ്റ്റോപ്പ് എന്നിങ്ങനെയാണു ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിരുന്നത്. ഇതുകണ്ട് പലരും പാര്‍ക്കിംഗിനു പ്രശ്നമില്ലെന്നാണു കരുതിയത്. സ്റ്റിക്കര്‍ ഒട്ടിക്കുന്ന സമയത്ത് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ എത്തിയ ചിലരെ കേസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. പലരും അല്പനേരത്തേക്കായി ഹര്‍ത്താല്‍ ദിനത്തിലും തുറന്ന ചില സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ക്ക് എത്തിയവരായിരുന്നു.
മുഖ്യമന്ത്രിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരിപാടികള്‍ക്കു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച രാത്രിവരെ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

