സംവിധായകന് സിദ്ധിഖിനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നടന് ശ്രീരാമന് ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മൂട്ടി ഗള്‍ഫ് ഷോയില്‍ നിന്നും ഒഴിവാക്കിയെന്ന് ഒരു സ്വകാര്യ ചാനലില്‍ സംവിധായകന് സിദ്ധിഖ് പറഞ്ഞിരുന്നു.നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ മമ്മൂട്ടിയോട് ശ്രീരാമന് ഇല്ലാതെ താനും ആ ഷോയില്‍ വരുന്നില്ല എന്ന് പറയാമായിരുന്നുവെന്നും പറയേണ്ടത് അപ്പോള്‍ പറയാതെ ഇപ്പോള്‍ പറയുന്നത് പരമബോറാണെന്നും ഹരീഷ് കുറിച്ചു. ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷമല്ല ഇതിനെക്കുറിച്ച് പറയേണ്ടതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സിദ്ധിഖ് എന്ന സംവിധായകന് സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന് ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന്. എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ ,നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന് ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന്.
പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ് ..സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്…പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…
ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേര്‍ക്കും ആശംസകള്‍.

