കൊച്ചി: പെരുമ്ബാവൂര്‍ കുറുപ്പംപടിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘം പോലിസ് പിടിയില്‍. കോടനാട് കണ്ണാഞ്ചേരി മുകള്‍ കുറുപ്പാലി വീട്ടില്‍ ജോജി (20), നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്ബില്‍ വീട്ടില്‍ അമല്‍ (27), അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍ (25), നെടുങ്ങപ്ര മണലുമാലില്‍ വീട്ടില്‍ ശ്രീകാന്ത് (31), വേങ്ങൂര്‍ വടക്കേപ്പറമ്ബില്‍ നിബിന്‍ (25), വേങ്ങൂര്‍ പടിക്കക്കുടി വീട്ടില്‍ ആദര്‍ശ് (21) എന്നിവരാണ് കുറുപ്പംപടി പോലിസിന്റെ പിടിയിലായത്. പെരുമ്ബാവൂര്‍, കോടനാട്, കുറുപ്പംപടി മേഖലകളില്‍ കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു.
എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൂങ്ങാലിയിലെ വനത്തില്‍ നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് മാരാകായുധങ്ങളുമായി സംഘത്തെ പിടികൂടിയത്. പുതിയ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു സംഘം. സംഘത്തില്‍പ്പെട്ട ജോജിയെ ഗുണ്ടാ ആക്ടില്‍ നാടുകടത്തിയിട്ടുള്ളതാണ്. വിലക്ക് മറികടന്നാണ് 9 കേസുകളില്‍ പ്രതിയായ ഇയാള്‍ സ്ഥലത്ത് എത്തിയത്. വിവിധ സ്റ്റേഷനുകളിലായി അമലിനെതിരെ 15 കേസുകളും, ബേസിലിനെതിരെ 7 കേസുകളും , മറ്റു പ്രതികള്‍ക്കെതിരെ രണ്ടു കേസുകള്‍ വീതവും നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.
പെരുമ്ബാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്‍, കുറുപ്പംപടി എസ്‌എച്ച്‌ഒ കെ ആര്‍ മനോജ്, എസ് ഐ മാരായ രാജന്‍, നിസാര്‍ എഎസ്‌ഐ ഇസ്മായില്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്യാം , രഞ്ജിത്ത്, മാഹിന്‍ഷാ, ശശികുമാര്‍, ബേസില്‍, വിപിന്‍, രമേഷ്, ഷാജി എന്നിവരടങ്ങിയ പ്രത്യേക പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

