കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെയ്പ്പ്: ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊച്ചി: ബ്യൂട്ടി സലൂണിനു മുന്‍പില്‍ വെടിവെയ്പ്പ് നടന്ന കേസിന്‍റെ അന്വേഷണം സലൂണ്‍ ഉടമയും നടിയും സാമ്പത്തിക വഞ്ചനാ കേസിലെ പ്രതിയുമായ ലീന മരിയ പോളിന്‍റെ മൊഴിയെ ആശ്രയിച്ചിരിക്കുമെന്ന നിലപാടില്‍ പൊലീസ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ലീന ഇന്ന് മൊഴി നല്‍കാനെത്തും.

കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പ്പുണ്ടായത്. ബൈക്കില്‍ എത്തിയ 2 പേര്‍ വെടിവച്ച ശേഷം കടന്നുകളഞ്ഞതായാണു പൊലീസിന്‍റെ നിഗമനം. 2 പേരും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാള്‍ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമന്‍ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളില്‍ വച്ച് എയര്‍പിസ്റ്റള്‍ കൊണ്ടു വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. 5 മിനിറ്റിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. ബൈക്കിന്‍റെ നമ്പറിനായി നഗരത്തിലെ മറ്റു സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പൊലീസ് വ്യാപകമായി പരിശോധിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇന്നലെ ഹാജരാകാമെന്നാണു പറഞ്ഞതെങ്കിലും ലീന എത്തിയില്ല. വെടിവച്ച് ഒച്ചയുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിലൂടെ എന്താണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയില്‍ എഴുതിയ കടലാസ് അക്രമികള്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒച്ച മാത്രമുണ്ടാക്കി കടന്നുകളഞ്ഞതും രവി പൂജാരിയുടെ പേര് എഴുതിയിട്ടതുമൊക്കെ നാടകമാണോയെന്നു പൊലീസ് സംശയിക്കുന്നു. ഇത്തരം ചെറിയ കേസുകളില്‍ രവി പൂജാരിയുടെ സംഘം ഇടപെടാന്‍ ഇടയില്ലെന്നാണു പൊലീസ് കരുതുന്നത്.

prp

Leave a Reply

*