ഗള്‍ഫില്‍ വീണ്ടും യാത്രാവിലക്ക്; എണ്ണവില കുത്തനെ ഇടിഞ്ഞു!! ഒമൈക്രോണ്‍ ഭീതിയില്‍ ലോകം

ദുബായ്: ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുന്നു. പല രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങി.

ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ യുഎഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്‌റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.

വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിലാണ് ലോകം. ഇതിന്റെ പ്രതിഫലനമെന്നോളം എണ്ണവില കുത്തനെ ഇടിഞ്ഞു. പുതിയ കൊവിഡ് വകഭേദത്തിന് ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഇനി കുത്തിവെക്കണ്ട..വാക്സിന്‍ മൂക്കിലൂടെ ഒഴിച്ചാല്‍ മതി..മികച്ച പ്രതിരോധ ശേഷിയും
1

ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യുഎഇ വിലക്കേര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ഇപ്പോള്‍ യാത്രകള്‍ കുറച്ചിരിക്കുകയാണ്. എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ അവസരമുണ്ടാകും. തിങ്കളാഴ്ച മുതല്‍ ഈ അവസരവും നിലയ്ക്കും.

2

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പുതിയ ബുക്കിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്ബനികളും സര്‍വീസ് നടത്തില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സര്‍വീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.

3

ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഒമൈക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് നല്‍കിയ പേര്. നിലവിലെ വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണോ എന്ന് വ്യക്തമല്ല. ബി.1.1.529 എന്നതാണ് പുതിയ കൊവിഡ് വകഭേദം. ഇതിന്റെ ഗ്രീക്ക് പേരാണ് ഒമൈക്രോണ്‍.

4

ഹോങ്കോങിലും ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശനമായ വൈദ്യ പരിശോധന നടത്തുണ്ട്. രോഗ സംശയമുള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നില്ല. ലോകം വീണ്ടും കൊവിഡ് വ്യാപനത്തിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക.

5

അതിനിടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 10 ഡോളറാണ് താഴ്ന്നത്. 2020 ഏപ്രിലിന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമാണ്. പല രാജ്യങ്ങളും വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ ആശങ്കയ്ക്കുള്ള വകയില്ല.

6

കഴിഞ്ഞ 14 ദിവസത്തിനിടെ ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ് വിവരം. അതേസമയം, യുഎഇ പൗരന്മാര്‍ക്ക് ഇളവുണ്ട്. കൂടാതെ നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. പക്ഷേ, ഇവര്‍ രോഗമുണ്ടോ എന്ന പരിശോധന നടത്തി രേഖ കൈവശം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

7

ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വകഭേദം ആദ്യം കണ്ടത്. ശേഷം ബോത്സ്വാന, ലെസോത്തോ, സിംബാബ്‌വെ, ഇസ്വാതിനി, നമീബിയ എന്നീ രാജ്യങ്ങളും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാേയല്‍, ബെല്‍ജിയം, ഹോങ്കോങ് എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആശങ്ക പരന്നു. വിമാന സര്‍വീസ് വിലക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.

prp

Leave a Reply

*