മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി സൂഫിയാന്റെ നിര്‍ണായക മൊഴി. ഗള്‍ഫില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് ആണ് പ്രവര്‍ത്തിക്കുന്നതെന്ന് സൂഫിയാന് അന്വേഷണ സംഘത്തോട് പറഞ്ഞു. കൂടുതല്‍ ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് കണ്ണൂര്‍ സംഘത്തെ ഭയപ്പെടുത്താന്‍ ആണെന്നും സൂഫിയാന് പൊലീസിന് മൊഴി നല്കി.
കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ ഏറ്റവും നിര്‍ണായകം സൂഫിയാന്റെ അറസ്റ്റ് ആണ്. 18 മണിക്കൂര്‍ നീണ്ടുനിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. ഗള്‍ഫില്‍ നിന്നും ഉള്ള നിര്‍ദേശം അനുസരിച്ച് ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സൂഫിയാന് പറയുന്നത്. കൊടുവള്ളിയിലേക്ക് എത്തേണ്ട കള്ളക്കടത്ത് സ്വര്‍ണം പലതവണ മറ്റു സംഘങ്ങള്‍ കടത്തിയ സാഹചര്യത്തില്‍ ആണ് കൂടുതല്‍ ആളുകളെ കരിപ്പൂരിലേക്ക് നിയോഗിച്ചത്. ശവക്കല്ലറകളുടെ ഫോട്ടോയെടുക്കല്‍ വിനോദമാക്കി യുവതി; ഇതുവരെ പകര്‍ത്തിയത് രണ്ടു ലക്ഷം ചിത്രങ്ങള്‍
ഏതുവിധേനയും സ്വര്‍ണം കൊടുവള്ളിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി ആണ് ചെര്‍പ്പുളശ്ശേരി സംഘത്തെ കൊണ്ടു വന്നത്. ഇവര്‍ക്ക് പുറമെ കൊടുവള്ളിയില്‍ നിന്ന് മറ്റൊരു സംഘവും അന്നേദിവസം കരിപ്പൂരില്‍ വന്നിരുന്നു. ഇവരെ നിയന്ത്രിച്ചത് സൂഫിയാന് അല്ല, വിദേശത്ത് ഉളളവര്‍ ആയിരുന്നു.
കണ്ണൂര്‍ സംഘത്തെ കൊല്ലാന്‍ ആയിരുന്നില്ല ഭയപ്പെടുത്താന്‍ ആണ് ലക്ഷ്യമിട്ടത് എന്ന് സൂഫിയാന് പൊലീസിനോട് പറഞ്ഞു. ഇത്രയും അധികം ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് ഇതിനു വേണ്ടി കൂടിയായിരുന്നു. എന്നാല്‍, മിന്നല്‍ വേഗത്തില്‍ കരിപ്പൂരില്‍ നിന്ന് രക്ഷപ്പെട്ട അവരെ ഇവര്‍ക്ക് ലഭിച്ചില്ല. കരിപ്പൂരില്‍ നിന്നും കോഴിക്കോട് വെസ്റ്റ് ഹില്‍ വരെ എത്താന്‍ അര്ജുന് അരമണിക്കൂര്‍ പോലും എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്.
അര്ജുന് ആയങ്കിയെ കിട്ടാതെ മടങ്ങി വരുമ്ബോള്‍ ആണ് ചെര്‍പ്പുളശ്ശേരി സംഘം അപകടത്തില്‍ പെട്ടത്. ചെര്‍പ്പുളശ്ശേരി സംഘത്തെ നിയന്ത്രിച്ച വാട്ട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്മാരില് ഒരാളാണ് സൂഫിയാന്. ഇതുവരെ കവര്‍ച്ച ആസൂത്രണ കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നത് ഈ ഫോണിലെ കോണ്ടാക്ടുകള് കേന്ദ്രീകരിച്ച് ആയിരുന്നു. ഇനി സൂഫിയാന് നല്കിയ മൊഴികള്‍ കൂടി കേസിന്റെ മുന്നോട്ട് പോക്കില്‍ നിര്‍ണായകം ആകും.
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
അതേസമയം, കവര്‍ച്ച ആസൂത്രണ കേസില്‍ റിമാന്‍ഡില്‍ ഉള്ള ഏഴു പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തളളി. അന്വേഷണം പുരോഗമിക്കുക ആണെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും എന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ നിരപരാധികളാണന്നും പൊലീസ് കെട്ടിച്ചമച്ച കേസില്‍ തങ്ങളെ മനഃപൂര്‍വം കുടുക്കുകയായിരുന്നെന്നും ആയിരുന്നു പ്രതികളുടെ വാദം.
പ്രതികള്‍ ആയ മുബഷിര്‍, ഷുഹൈല്‍, സലിം, മുഹമ്മദ് മുസ്തഫ, ഫൈസല്‍, ഫയാസ് , ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷ ആണ് തള്ളിയത്. ഹസന്, സുഹൈല്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഞ്ചേരി ജില്ലാ കോടതി അഞ്ചാം തിയതിയിലേക്ക് മാറ്റിയിരുന്നു.

