ചില്ലറയായി തൂക്കി വില്‍ക്കുന്ന അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ബാധകമല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം : ചില്ലറയായി തൂക്കി വില്‍ക്കുന്ന അരിയും ഗോതമ്ബും അടക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി കേന്ദ്രം.രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ വ്യക്തത തേടിയതിനു പിന്നാലെയുമാണ് ഇന്നലെ രാത്രി വൈകി ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇതോടെ ചില്ലറയായോ മൊത്തമായോ ഏത് അളവിലും വില്‍ക്കുന്ന അരിക്കും മറ്റും ഇന്നു മുതല്‍ ഈടാക്കുമായിരുന്ന 5% ജിഎസ്ടിയും വിലവര്‍ധനയും ഒഴിവായി.

25 കിലോഗ്രാമോ അതില്‍ താഴെയോ അളവില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ചു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാകും ഇന്ന് മുതല്‍ നികുതി ബാധകമാകുക. ഇന്നലെ വരെ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്ന ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത്. കഴിഞ്ഞ 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച്‌ ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, പിന്നീട് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോഗ്രാമെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു.

ഇതോടെ മില്ലുകളില്‍ നിന്നു 50 കിലോ ചാക്കുകളില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ച്‌ മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന അരിക്കും നികുതി ചുമത്തേണ്ട അവസ്ഥ വന്നു. ഈ അരി കടകളില്‍ ചില്ലറയായി വില്‍ക്കുമ്ബോഴും വിലയേറും. ഇതിനെതിരെ മില്ലുടമകളും മൊത്ത കച്ചവടക്കാരും രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിനോട് വ്യക്തത തേടിയെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് ഇന്നലെ രാത്രി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇവയുടെ പൊടികള്‍ എന്നിവ 25 കിലോയ്ക്കു മുകളിലുള്ള പായ്ക്കറ്റില്‍ ലേബല്‍ ചെയ്തു വില്‍ക്കുമ്ബോള്‍ ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കി.

prp

Leave a Reply

*