തിരുവനന്തപുരം; സംസ്ഥാന കോണ്‍ഗ്രസില്‍ പുനഃസംഘടനയെ ചൊല്ലി വീണ്ടും തര്‍ക്കം പുകയുന്നു. കെ പി സി സി,ഡി സി സി പുനഃസംഘടനയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.
എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് കെ പി സി സി നേതൃത്വത്തിന്റെ തിരുമാനം. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി പുനഃസംഘടന അനുവദിക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍. തങ്ങളുടെ എതിര്‍പ്പുകള്‍ ഹൈക്കമാന്റിനെ അറിയിക്കാന്‍ ഒരുങ്ങുകയാണ് നേതാക്കള്‍. വിശദമായി വായിക്കാം
പ്രധാനമന്ത്രിയായാല്‍ എന്തുചെയ്യും ? രാഹുല്‍ ഗാന്ധിയുടെ മറുപടി കേട്ടോ
പുതിയ ഭാരവാഹികള്‍
ഒരു മാസത്തിനകം പുതിയ ഭാരവാഹികളെ കണ്ടെത്തി പ്രഖ്യാപനം നടത്താനുള്ള നടപടികള്‍ കെ പി സി സി നേതൃത്വം ആരംഭിച്ച് കഴിഞ്ഞു. ചെറിയ ജില്ലകളില്‍ 30 വീതവും വലിയ ജില്ലകളില്‍ 51 വീതവും ഡി സി സി ഭാരവാഹികളെയാണ് കണ്ടെത്തേണ്ടതുള്ളത്. ചെറിയ ജില്ലകളില്‍ 15 ജനറല്‍ സെക്രട്ടറിമാരും 16 നിര്‍വാഹക സമിതിയംഗങ്ങളും വലിയ ജില്ലകളില്‍ 25 ജനറല്‍ സെക്രട്ടറിമാരും 26 നിര്‍വാഹക സമിതിയംഗങ്ങളേയും കണ്ടെത്തണം.
നേതാക്കള്‍ ദില്ലിയിലേക്ക്
ജില്ലാ തലത്തില്‍ കെ പി സി സി ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സമിതിയുമായി ചര്‍ച്ച നടത്തി നിയമനം പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. അതേസമയം സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഇനി പുനഃസംഘടനയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന കടുത്ത നിലപാടിലാണ് ഗ്രൂപ്പുകള്‍. അതിനാല്‍ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ച നടത്തും
ഇക്കാര്യം ചൂണ്ടികാട്ടി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ദില്ലിയില്‍ ഹൈക്കമാന്റിനെ കാണാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കും. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിന് പിന്നില്‍ മറ്റ് താത്പര്യങ്ങള്‍ ഉണ്ടെന്നാണ് ഗ്രൂപ്പുകള്‍ ആവര്‍ത്തിക്കുന്നത്.
പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കുന്നു
കെ പി സി സി അധ്യക്ഷന്‍ തന്നെ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിഷ്പക്ഷ നിയമനം നടക്കില്ലെന്നാണ് നേതാക്കളുടെ വാദം. ഗ്രൂപ്പില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന നേതാക്കള്‍ കെ പി സി സി,ഡിസിസി പുനഃസംഘടനയില്‍ സ്വന്തക്കാരെ തിരികി കയറ്റി. ഇപ്പോഴും തങ്ങള്‍ക്ക് താത്പര്യമുള്ള നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് നേതാക്കള്‍ നടത്തുന്നതെന്നും ഇവര്‍ പറയുന്നു.
മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താന്‍
മാത്രമല്ല മുതിര്‍ന്ന നേതാക്കളെ പരാമവധി മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും ഔദ്യോഗിക നേതൃത്വം നടത്തുന്നുണ്ടെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗ്രൂപ്പുകള്‍ പരാതി ഉയര്‍ത്തിയാലും ഹൈക്കമാന്റില്‍ നിന്നും അനുകൂല നിലപാട് തന്നെയാകും ഉണ്ടാകുകയെന്ന പ്രതീക്ഷയിലാണ് കെ പി സി സി നേതൃത്വം.
മാസങ്ങള്‍ അവശേഷിക്കെ
പല തവണയായി പുനഃസംഘടന വിഷയം ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയതാണെന്നും യാതൊരു എതിര്‍പ്പും എ ഐ സി സി ഉന്നയിച്ചിട്ടില്ലെന്നും കെ സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നിരിക്കെ പുനഃസംഘടന നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് നേതൃത്വം.
ഒറ്റക്കെട്ടായി നീങ്ങും
അതേസമയം ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലേങ്കില്‍ പുനഃസംഘടനയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. നേതാക്കളുടെ പേരുകള്‍ നിര്‍ദ്ദേശിക്കില്ലെന്ന ധാരണയും ഗ്രൂപ്പുകള്‍ കൈക്കൊണ്ടിട്ടുണ്ട്. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങ് ശക്തി തെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് നേതാക്കള്‍ ആരംഭിച്ച് കഴിഞ്ഞു.

