സ്വര്‍ണത്തിലേക്ക് അമ്ബെയ്ത് ഐശ്വര്യ; കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം

കുന്നംകുളം: ദേശീയ ഗെയിംസില്‍ അമ്ബെയ്ത്തില്‍ ഐശ്വര്യ നേടിയ സുവര്‍ണനേട്ടത്തില്‍ കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം.

ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോമിലെ അംഗമായ എ.വി. ഐശ്വര്യക്ക് ലഭിച്ച നേട്ടം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കുന്നംകുളത്തുകാര്‍.

ഗുരുവായൂര്‍ എല്‍.എഫ് കോളജിലെ ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇവര്‍. വയനാട് മാനന്തവാടി ആനച്ചാലില്‍ വര്‍ക്കി- മോളി ദമ്ബതികളുടെ മൂത്ത മകളായ ഐശ്വര്യ എസ്.എസ്.എല്‍.സി പഠന കാലത്താണ് കുന്നംകുളത്ത് എത്തിയത്.

കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പഠനം. പ്ലസ് ടു പൂര്‍ത്തിയാക്കിയത് മുതുവട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന്. ആ കാലയളവില്‍ ഡിസ്ക്സ് ത്രോക്ക് സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു. ബി.കോമിന് പഠിക്കുമ്ബോഴാണ് അമ്ബെയ്ത്തില്‍ പരിശീലനം ലഭിച്ചത്. പിന്നീട് സംസ്ഥാനതലത്തില്‍ സ്വര്‍ണം നേടി.

കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഐശ്വര്യക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ പ്രവേശനം ലഭ്യമായെങ്കിലും ബി.കോമിന് പഠിക്കാനായിരുന്നു മോഹം. അതോടെ എല്‍.എഫ് കോളജില്‍ സെല്‍ഫ് ഫിനാന്‍സ് കോഴ്സെടുത്ത് പഠിക്കുകയായിരുന്നു.

പഠനം പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ ജോലി നേടാനാണ് ഐശ്വര്യക്ക് മോഹമെന്ന് ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍ സിസ്റ്റര്‍ ലിജി ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനായി പി.എസ്.സി പരിശീലനം നേടി പരീക്ഷകളെ നേരിടുകയാണ്. കോളജ് കോച്ച്‌ പാലക്കാട് സ്വദേശി ശ്യം മോഹനാണ് പരിശീലിപ്പിച്ചിരുന്നത്.

ആര്‍ത്താറ്റ് ചില്‍ഡ്രസ് ഹോമിന് ഈ നേട്ടം ഇരട്ടി മധുരമാണ്. ഇതേ സ്ഥാപനത്തിലെ പ്രവീണ ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ 2013ല്‍ ദേശീയതലത്തില്‍ സബ് ജൂനിയര്‍ വിഭാഗം തൈക്വാന്‍ഡോയില്‍ സ്വര്‍ണം നേടിയിരുന്നു. എട്ടിന് രാത്രി തിരിച്ചെത്തുന്ന ഐശ്വര്യക്ക് സ്വീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് കുന്നംകുളത്തുകാര്‍.

prp

Leave a Reply

*