ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തു ; ഓട്ടോറിക്ഷ കടക്കവേ ഗേറ്റ് അടച്ച്‌ പാളത്തില്‍ കുടുക്കി

ട്രെയിന്‍ കടന്നു പോയ ശേഷവും ഗേറ്റ് കീപ്പര്‍ റെയില്‍വേ ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തെ ഗേറ്റിനുള്ളിലാക്കി ഗേറ്റ് കീപ്പര്‍ പൂട്ടിയിട്ടെന്നു പരാതി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുന്നമൂട് ഗേറ്റിലാണ് സംഭവം നടന്നത് .ഓട്ടോ ഡ്രൈവര്‍ ആശിഷ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍ മോശമായ പദങ്ങള്‍ ഉപയോഗിച്ചെന്ന വിശദീകരണമാണ് ഗേറ്റ് കീപ്പര്‍ റെയില്‍വേ അധികൃതര്‍ക്കു നല്‍കിയതത്രേ.

അതിരാവിലെ പോകുന്ന ഏറനാട് എക്സ്പ്രസില്‍ വന്ന മൂന്നംഗ കുടുംബം വര്‍ക്കല സ്റ്റേഷനില്‍ കോച്ച്‌ മാറി കയറുന്നതിനിടെ ഒരാള്‍ മാത്രം കയറിയതോടെ ട്രെയിന്‍ വിട്ടുപോയതിന്റെ തുടര്‍ച്ചയാണ് സംഭവങ്ങള്‍ തുടങ്ങുന്നത് . മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പെരുകാവ് പൊറ്റയില്‍ അമ്ബലത്തില്‍ വിളയില്‍ മരിയന്‍ ഹൗസില്‍ സാജന്‍, ഭാര്യ ആദിത്യ, സാജന്റെ അമ്മ സൂസി എന്നിവരുടെ ആലപ്പുഴ യാത്രയ്ക്കിടെയാണ് സംഭവം. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് മൂന്നു പേരും കോച്ച്‌ മാറിക്കയറി.

വര്‍ക്കലയില്‍ വച്ച്‌ ടിക്കറ്റുള്ള കോച്ചിലേക്ക് മാറിക്കയറാന്‍ ആദ്യം സാജന്റെ ഭാര്യ ആദിത്യ ട്രെയിനിലേക്ക് കയറി. പിന്നാലെ അമ്മയെ ട്രെയിനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ മുന്നോട്ട് എടുത്തു. അതോടെ സാജനും അമ്മ സൂസിയും സ്റ്റേഷനില്‍ കുടുങ്ങി പോയി . ആദിത്യയുമായി സംസാരിച്ചതനുസരിച്ച്‌ കൊല്ലം സ്റ്റേഷനില്‍ വീണ്ടും കൂടിച്ചേരാമെന്ന ധാരണയില്‍ സാജനും അമ്മയും ഓട്ടോറിക്ഷയില്‍ കൊല്ലം സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ട് പുന്നമൂട് ഗേറ്റില്‍ എത്തിയപ്പോഴാണ് വിവാദസംഭവം നടന്നത് .

ട്രെയിന്‍ കടന്നു പോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് അടഞ്ഞു കിടന്നതോടെ ഓട്ടോഡ്രൈവര്‍ ഹോണ്‍ നിരന്തരം അടിച്ചപ്പോഴാണ് ഗേറ്റ് കീപ്പര്‍ ഇറങ്ങി വന്നു ഗേറ്റ് ബാരിയര്‍ ഉയര്‍ത്താന്‍ തുടങ്ങിയത്. ഓട്ടോ ട്രാക്കിന് മധ്യത്തില്‍ എത്തിയവേളയില്‍ ‘ഉറങ്ങിപ്പോയോ’ എന്നു ഡ്രൈവര്‍ ചോദിച്ചതോടെ പ്രകോപിതനായി വീണ്ടും ഗേറ്റ് ബാരിയര്‍ താഴ്ത്തി. ഇതോടെ ഓട്ടോറിക്ഷയും യാത്രക്കാരും റെയില്‍വേ ട്രാക്കില്‍ കുടുങ്ങി.

ഓട്ടോ ഡ്രൈവറുമായി സംസാരം തുടര്‍ന്നതോടെ കീപ്പര്‍ ഗേറ്റ് പൂര്‍ണമായി അടച്ചിട്ടു. ഏതാണ്ട് പത്ത് മിനിട്ടോളം ട്രാക്കില്‍ കുടുങ്ങിയെന്നാണ് സാജന്‍ പറയുന്നത്. അത്യാവശ്യ യാത്രയാണ് ഉടനെ പോകണം എന്ന് അപേക്ഷിച്ചതോടെ മാത്രമാണ വീണ്ടും ഗേറ്റ് തുറന്നതെന്നു സാജന്‍ പറഞ്ഞു. ഈ സമയത്ത് ഏതാനും ബൈക്ക് യാത്രക്കാരും ഗേറ്റിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു. സംഭവത്തെക്കുറിച്ചു സാജന്‍ പരാതി നല്‍കിയിട്ടില്ല.

The post ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തു ; ഓട്ടോറിക്ഷ കടക്കവേ ഗേറ്റ് അടച്ച്‌ പാളത്തില്‍ കുടുക്കി

prp

Leave a Reply

*