വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ; പ്രതിവര്‍ഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; തമിഴ്‌നാട്ടില്‍ അധികാരം നിലനിര്‍ത്താന്‍ വാഗ്ദാനങ്ങളുമായി എടപ്പാടി പളനിസ്വാമി; പ്രകടന പത്രികയിലെ വാഗ്ദാനം ഡിഎംകെ അടിച്ചുമാറ്റിയെന്നും ആക്ഷേപം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങള്‍ നല്‍കുന്ന കാര്യത്തിലും മത്സരിച്ച്‌ മുന്നണികള്‍. ഒറ്റ ഷെഡ്യൂളായി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ എല്ലാകുടുംബത്തിലെയും വീട്ടമ്മമാര്‍ക്ക് മാസം 1500 രൂപ ഓണറേറിയവും വീടുകളില്‍ വര്‍ഷം സൗജന്യമായി ആറ് ഗ്യാസ് സിലിണ്ടറുമാണ് ത്രസമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാഗ്ദാനം ചെയ്തത്.

ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഈ വാഗ്ദാനം മുഖ്യ എതിരാളികളായ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എംകെ സ്റ്റാലിന്‍ അടിച്ചുമാറ്റിയെന്നും പളനിസ്വാമി കുറ്റപ്പെടുത്തി.

അതേസമയം അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ ഞായറാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നല്‍കുമെന്ന് അറിയിച്ചുകൊണ്ട് എ ഐ എ ഡി എം കെ രംഗത്തെത്തിയിരിക്കുന്നത്.

ഇത് തങ്ങളുടെ ഇതുവരെ ഇറങ്ങാത്ത പ്രകടന പത്രിക കോപ്പിയടിച്ചാണെന്നും പളനിസ്വാമി ആരോപിച്ചിട്ടുണ്ട്. അതേസമയം ഈ ആശയം തന്റേതാണെന്ന് പറഞ്ഞ് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും എത്തിയിട്ടുണ്ട്്. എംഎന്‍എമ്മിന്റെ ആശയം സ്റ്റാലിന്‍ അടിച്ചുമാറ്റിയെന്നാണ് കമല്‍ ഹാസനും ആരോപിച്ചത്.

എന്നാല്‍ ഈ ആശയം തനിക്ക് കിട്ടിയത് യൂറോപ്യന്‍ മോഡലില്‍ നിന്നുമാണെന്നാണ് സ്റ്റാലിന്റെ വാദം. ഞായറാഴ്ചയായിരുന്നു സ്റ്റാലിന്‍ കുടുംബത്തിന് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ചത്. നല്‍കുന്ന ഈ ധനസഹായം കുടുംബങ്ങളുടെ വരുമാന പ്രതിസന്ധി പരിഹരിക്കാന്‍ ഇടയാകുമെന്ന് പളനിസ്വാമി പറഞ്ഞു.

പത്തു ദിവസത്തിനുള്ളില്‍ ഇറങ്ങാനിരിക്കുന്ന തങ്ങളുടെ പ്രകടന പത്രിക കോപ്പിയടിച്ചാണ് സ്റ്റാലിന്‍ 1000 രൂപ പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഇത്തരത്തിലുള്ള മറ്റ് പല വാഗ്ദാനവുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും അനുയോജ്യമായുള്ളവ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ നിര്‍ദ്ദേശം എങ്ങനെയോ അറിഞ്ഞ്, അത് കോപ്പിയടിച്ചാണ് സ്റ്റാലിന്‍ ഞായറാഴ്ച അങ്ങനെയൊരു വാഗ്ദ്ധാനം നല്‍കിയതെന്നാണ് പളനിസ്വാമിയുടെ ആരോപണം.

സര്‍വമേഖലയിലെയും ജനങ്ങളുടെയും പ്രതീക്ഷയും അഭിലാഷവും പൂര്‍ത്തീകരിക്കുന്നതാണ് പ്രകടന പത്രികയെന്നും ഇപിഎസ് പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച്‌ 12 ന് പുറത്തുവിടുമെന്നും കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലെത്തുമെന്നും എഐഎഡിഎംകെ യെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ വീണ്ടും അധികാരത്തില്‍ എത്തിക്കുമെന്നും ഇപിഎസ് പറഞ്ഞു

prp

Leave a Reply

*