വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു. ഇന്ന് രാവിലെ വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി മലപ്പുറത്തെ വണ്ടൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
മലപ്പുറം ജില്ലയില്‍ തുടരുന്ന രാഹുല്‍ നാളെ അഞ്ച് പൊതു പരിപാടികളില്‍ പങ്കെടുക്കും. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
അതേസമയം, ഇന്നലെ ബഫര്‍സോണ്‍ വിഷയത്തില്‍ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി 2022 ജൂണ്‍ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

